ക്ഷീരവികസനവകുപ്പിന്റെ ധനസഹായത്തോടെ മാനന്തവാടി ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ നവീകരിച്ച പാല്‍ പരിശോധനാ ലാബിന്റെ ഉദ്ഘാടനം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഉഷാദേവി നിര്‍വഹിച്ചു. 3000 പാല്‍ സാമ്പിളുകളാണ് ഓരോ ദിവസവും മാനന്തവാടി ക്ഷീരസംഘത്തില്‍ പരിശോധിക്കുന്നത്. പാലിന്റെ ഗുണ നിലവാരം ഉറപ്പുവരുത്തി യഥാര്‍ത്ഥ പാല്‍ വില കര്‍ഷകര്‍ക്ക് നല്‍ക്കുന്നതോടൊപ്പം പാലില്‍ മായം ചേര്‍ക്കല്‍, അകിട് വീക്കം ഉള്‍പ്പടെയുള്ള രോഗബാധയും സൂഷ്മ പരിശോധനയിലൂടെ ലാബില്‍ വ്യക്തമാവും. ചടങ്ങില്‍ ക്ഷീരസംഘം പ്രസിഡന്റ് പി.ടി. ബിജു അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പിന്റെ ലാബ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാബ് നവീകരണം യാഥാര്‍ത്യമാക്കിയത്. 75,000 രൂപയാണ് ക്ഷീര വികസന വകുപ്പ് നവീകരണത്തിനായി അനുവദിച്ചത്. 3 ലക്ഷം രൂപ ചിലവഴിച്ചാണ് ലാബിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ജില്ലാ ക്വാളിറ്റി കണ്‍ട്രോളിംഗ് ഓഫീസര്‍ പി.എച്ച്. സിനാജുദ്ദീന്‍, മില്‍മ വയനാട് ഹെഡ് ബിജുമോന്‍ സ്‌കറിയ, മാനന്തവാടി ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍.എസ്. ശ്രീലേഖ, ക്ഷീര സംഘം ഡയറക്ടര്‍ ബിജു അമ്പിത്തറ, സെക്രട്ടറി എം.എസ്. മഞ്ജുഷ തുടങ്ങിയവര്‍ സംസാരിച്ചു.