ജില്ലാ ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ നടത്തുന്ന പുസ്തകോത്സവത്തിന് തൊടുപുഴ ഇ.എ.പി ഹാളില്‍ തുടക്കമായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 58 സ്റ്റാളുകളിലായി 43 ഓളം പ്രസാധകരുടെ പ്രസിദ്ധീകരണങ്ങള്‍ പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 8.30 മുതല്‍ വൈകിട്ട് 8 വരെയാണ് സ്റ്റാളുകളുടെ പ്രവര്‍ത്തന സമയം. മലയാള പുസ്തകങ്ങള്‍ക്ക് കുറഞ്ഞത് 33 ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് 20 ശതമാനവും ഡിസ്‌കൗണ്ട് മേളയില്‍ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പുസ്തകോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും. എഴുത്തുകാര്‍ക്ക് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള അവസരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍. തിലകന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വായന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.എം ബാബു മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ്ജ് അഗസ്റ്റിന്‍ ആശംസിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ഇ.ജി സത്യന്‍ സ്വാഗതവും തൊടുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുകുമാരന്‍ നന്ദിയും പറഞ്ഞു. പുസ്തകോത്സവം 26ന് സമാപിക്കും.