ഉക്രൈൻ യുദ്ധത്തിന്റെ സംഘർഷ ഭരിതമായ കാഴ്ചകളും യുദ്ധം സൃഷ്ടിക്കുന്ന മാനവിക പ്രതിസന്ധിയും പ്രമേയമാക്കിയ മാരിയുപോളിസ്-2 രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമാകും.യുദ്ധം തകർത്തെറിഞ്ഞ നഗരത്തിന്റെ യഥാർത്ഥ കാഴ്ചകൾ ചിത്രം പങ്കുവയ്ക്കുന്നു.
ഈവർഷം ഏപ്രിൽ മാസത്തിലാണ് സിനിമയുടെ ചിത്രീകരണത്തിനിടെ ഉക്രൈനിൽ മൻതാസ് ക്വൊദാരാ വിഷ്യസിനെ റഷ്യൻ സൈന്യം വധിച്ചത് .ലിത്വാനിയ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പ്രദർശനം നടത്തിയിരുന്നു.
112 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.ആഗസ്റ്റ് 26 ന് വൈകിട്ട് 6 ന് ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം ചിത്രം പ്രദർശിപ്പിക്കും.മൻതാസ് ക്വൊദാരാ വിഷ്യസിന്റെ ബർസാഖ് എന്ന ചിത്രവും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
റഷ്യ -ചെചനിയൻ യുദ്ധം പശ്ചാത്തലമാക്കി 2011 ലാണ് മൻതാസ് ഈ ചിത്രം നിർമ്മിച്ചത് .യുദ്ധാനന്തരം കാണാതാകുന്നയാളെ അന്വേഷിച്ചിറങ്ങുന്നവരിലൂടെ വികസിക്കുന്ന ചിത്രത്തെ സാങ്കൽപ്പികതയും യാഥാർഥ്യവും ഇഴചേർത്താണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.