അമല്‍ എന്‍ .വി സംവിധാനം ചെയ്ത കറുത്ത കാലനും കോവിഡ് കാലത്തെ ഓണ്‍ലൈന്‍ വിവാഹം പ്രമേയമാക്കിയ സൈറയും ഉള്‍പ്പടെ ഒന്‍പതു മത്സരേതര കഥാചിത്രങ്ങള്‍ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഷിജിത് കളിയാടന്‍ സംവിധാനം ചെയ്ത ഇറച്ചിക്കൊതി, അഭിലാഷ് ഓമനാ ശ്രീധരന്‍ സംവിധാനം ചെയ്ത കൗപീന ശാസ്ത്രം, ജോജോ പി ജോണ്‍ സംവിധാനം ചെയ്ത കപ്പാട് , കൈലാസ് നാഥിന്റെ പെശ്ശെ തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഭക്ഷണ പ്രിയയായ സ്ത്രീയുടെ ജീവിതമാണ് ഇറച്ചിക്കൊതിയുടെ പ്രമേയം.സമൂഹമാധ്യമങ്ങളിലൂടെ ഇതിനകം ശ്രദ്ധ നേടിയ ചിത്രം മനുഷ്യരുടെ ഭക്ഷണ പ്രിയം രസകരമായി ചര്‍ച്ച ചെയ്യുന്നു.മരണത്തേയും കാലനേയും കോര്‍ത്തിണക്കിയുള്ള മനുഷ്യ ജീവിതമാണ് കറുത്ത കാലന്റെ പ്രമേയം.സഫല്‍ സമദാണ്  കോവിഡ് കാലത്ത് നടന്ന ഒരു ഓണ്‍ലൈന്‍ വിവാഹവും തുടര്‍ന്നുണ്ടായ സംഭവങ്ങളും പ്രമേയമാക്കിയ സൈറയുടെ സംവിധായകന്‍.

മണ്ണെണ്ണ വാങ്ങി ഭാര്യയുടെ മുന്നില്‍ കഴിവ് തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരു മദ്യപാനിയുടെ കഥപറയുന്ന കെറോ സീന്‍, കുടിയനായ ഒരു പാചകക്കാരനും കല്യാണ വീട്ടിലെ സംഭവങ്ങളും പ്രമേയമാക്കിയ കൗപീന ശാസ്ത്രം,വിനേഷ് ചന്ദ്രന്റെ പൊട്ടന്‍ , സ്വന്തം സിനിമ എന്ന സ്വപ്നവുമായി ജീവിക്കുന്ന ഹരി എന്ന യുവാവിന്റെ ആത്മസംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ പെശ്ശേ എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ഭൂത കാലത്തിലെ പാപങ്ങള്‍ വര്‍ത്തമാന കാല ജീവിതത്തെ വേട്ടയാടുന്നതിനെക്കുറിച്ചുള്ള അക്ഷയ്  ചന്ദ്രശോഭ അശോകിന്റെ കാളിയന്‍കുന്നും മേളയില്‍ പ്രദര്‍ശിപ്പിക്കും