നേത്രദാനത്തെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ മാറ്റാന്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. നേത്രദാന പക്ഷാചരണ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ആറാട്ടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെയാണ് ദേശീയ നേത്രദാന പക്ഷാചരണം ആചരിക്കുന്നത്.

പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ അധ്യക്ഷയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.രച്ന ചിദംബരം നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ നേത്രദാന സമ്മതപത്രം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി. പത്തനംതിട്ട ജനറല്‍ ആശുപത്രി നേത്രരോഗ വിദഗ്ദ്ധ ഡോ.സി.ജി അനുലക്ഷ്മി നേത്രദാന ബോധവല്‍ക്കരണ ക്ലാസെടുക്കുകയും നേത്ര പരിശോധനാ ക്യാമ്പിന് നേതൃത്വം നല്‍കുകയും ചെയ്തു.

പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നേത്ര പരിശോധനാ ക്യാമ്പുകളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വല്ലന സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അഖിലരാജ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ റ്റി.കെ അശോക് കുമാര്‍, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍മാരായ വി.ആര്‍ ഷൈലാഭായി, ആര്‍ ദീപ, ജില്ലാ ഒഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ എം. ഷേര്‍ളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കോന്നി മന്നം എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.