ദുരിതബാധിതര്‍ക്ക് വൈദ്യസഹായം എത്തിക്കാന്‍ മെഡിക്കല്‍ ഹബ് പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെ നിന്നും സഞ്ചരിക്കുന്ന മെഡിക്കല്‍ സംഘം വിവിധ ക്യാമ്പുകളില്‍ മരുന്നുമായി എത്തി സേവനം നല്‍കും. 100 ഡോക്ടര്‍മാരുടെ സേവനമാണ് മെഡിക്കല്‍ ഹബ്ബില്‍ ലഭ്യമായിട്ടുള്ളത്. സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരാണ് മെഡിക്കല്‍ ഹബ്ബിലുള്ളത്. വിവിധ ജില്ലകളില്‍ നിന്നും എത്തിയിട്ടുള്ളവരുടെയും ബാംഗ്ലൂരില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. പുഷ്പഗിരി മെഡിക്കല്‍ കോളജ്, ബിലീവേഴ്‌സ് ചര്‍ച്ച് ഹോസ്പിറ്റല്‍ തുടങ്ങിയ സ്വകാര്യ ആശുപത്രിയിലെയും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ലഭ്യമായിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തിരുവല്ല താലൂക്ക് ആശുപത്രിയിലുമായാണ് മെഡിക്കല്‍ ഹബ് ആരംഭിച്ചിട്ടുള്ളത്. എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ.എബി സുഷന്റെ നേതൃത്വത്തിലാണ് ഹബ്ബിന്റെ പ്രവര്‍ത്തനം നടക്കുന്നത്. ഹബ്ബില്‍ നിന്നും വിവിധ ക്യാമ്പുകളിലേക്ക് പുറപ്പെടുന്ന മെഡിക്കല്‍ സംഘത്തില്‍ ഡോക്ടര്‍, നഴ്‌സ്, അസിസ്റ്റന്‍ുമാര്‍ തുടങ്ങിയവര്‍ ഉണ്ടാവും. ജീവിത ശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട മരുന്ന് ലഭിക്കാതെ വിഷമിക്കുന്നവരും പനി, ചുമ, തലവേദന പോലുള്ള ചെറിയ രോഗങ്ങളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവര്‍ക്കും സംഘം സേവനങ്ങള്‍ നല്‍കിത്തുടങ്ങി.
