വായനയും എഴുത്തും തന്റെ ദിനചര്യയുടെ ഭാഗമെന്ന് സബ് കളക്ടർ ഡോ. ദിവ്യ. എസ്. അയ്യർ; എങ്കിൽ ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനും കൃതിയുമേതെന്ന് എഴുത്തിന്റെ കുട്ടികൂട്ടായ്മ.  ചിരിയും ചിന്തയും ഇടകലർന്ന, എഴുത്തുകാരായ കുട്ടികളുടെ വട്ടമേശ സമ്മേളനം കണ്ടുനിന്നവർക്കും ആവേശമായി. മലയാളഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസ് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് എഴുത്തുകാരായ കുട്ടികളുടെ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചത്.

ഉദ്ഘാടകയായെത്തിയ തിരുവനന്തപുരം സബ് കളക്ടറാകട്ടെ വായനയും പുസ്തകങ്ങളും തനിക്കു മുന്നിൽ തുറന്നിട്ട വലിയ ലോകത്തെ കുട്ടികൾക്ക് മുന്നിൽ തന്മയത്വത്തോടെ അവതരിപ്പിച്ചു. എഴുത്താണോ നൃത്തമാണോ പാട്ടാണോ ഏറെയിഷ്ടം എന്ന ഒരു കുട്ടിചോദ്യത്തെ ഓണസദ്യയിൽ വിളമ്പുന്ന എല്ലാ കറികളും നമുക്ക് ഒരുപോലെ പ്രിയമല്ലേ എന്ന മറുചോദ്യം കൊണ്ടാണ് സബ് കളക്ടർ നേരിട്ടത്.  എങ്കിലും എഴുത്തിനോടുള്ള പ്രതേ്യക പ്രണയം അവർ സമ്മതിക്കുകയും ചെയ്തു.  ഏറ്റവും ഇഷ്ടമുള്ള കൃതി ഖലീൽ ജിബ്രാന്റെ ദി പ്രോഫെറ്റ് ആണെന്നും കുട്ടികൾ അത് വായിക്കണമെന്ന് ഓർമിപ്പിക്കാനും ഡോ. ദിവ്യ. എസ്. അയ്യർ മറന്നില്ല.

തുടർന്ന് കഥയെഴുത്ത് എങ്ങനെ എന്ന വിഷയത്തെ മുൻ നിർത്തി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ കുട്ടികളുമായി സംവദിച്ചു.  കവിതയെഴുത്തിനെക്കുറിച്ച് ബുക്ക്മാർക്ക് സെക്രട്ടറി ഗോകുലേന്ദ്രനും സംസാരിച്ചു.   സ്‌കൂൾ പ്രിൻസിപ്പൽ ഫാദർ. സി.സി. ജോൺ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.  മാനേജർ ദീപാ ജോസഫ് മോഡറേറ്ററായി.  ഹെഡ്മിസ്ട്രസ് ആശാ അനി ജോർജും അധ്യാപകരും സംബന്ധിച്ചു.