ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മാമ്പുഴക്കരി കോസ് വേ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പൊതുജനങ്ങള്‍ക്കായി തുറന്നു. പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്താനെത്തിയ കളക്ടര്‍ നെടുമുടി, കിടങ്ങറ പാലങ്ങളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി ഡിസംബറില്‍ തുറന്നു നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മൂന്ന് കോസ്സ് വേകള്‍, അഞ്ചു ഫ്‌ലെ ഓവറുകള്‍, 13 പാലങ്ങള്‍, 63 കള്‍വര്‍ട്ടുകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 120 മീറ്റര്‍ നീളവും 12.25 മീറ്റര്‍ വീതിയുമുള്ള മാമ്പുഴക്കരി കോസ് വേയില്‍ ഇടതുവ വശത്ത് നടപ്പാതയും താഴെ 3.5 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡുമുണ്ട്.

കുട്ടനാട് തഹസില്‍ദാര്‍ എസ്. അന്‍വര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. സുഭാഷ്,കെ.എസ്.റ്റി.പി. സൂപ്രണ്ട് എന്‍ജിനീയര്‍ എന്‍. ബിന്ദു, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. ദീപ്തി, നിര്‍മാണ കരാര്‍ ഏജന്‍സി പ്രതിനിധികള്‍, തുടങ്ങിയവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.