സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷം പദ്ധതി ആരംഭിച്ച് 145 ദിവസം മാത്രം പിന്നിടുമ്പോൾ അരലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്തതായി വ്യവസായ, കയർ, നിയമ വകുപ്പ് മന്ത്രി പി രാജീവ്അറിയിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങളുടെ ഭാഗമായി 2960 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 1,09,739 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടു. ഈ കാലയളവിൽ മലപ്പുറം, എറണാകുളം ജില്ലകളിൽ അയ്യായിരത്തിലധികം സംരംഭങ്ങളും തിരുവനന്തപുരം, പാലക്കാട്, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ നാലായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട്, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലായി അൻപത്തി ആറായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, കാസർഗോഡ് ജില്ലകളിലായി ആറായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. 2022-23 സംരംഭക വർഷമായി പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ- ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.     കൃഷി, ഭക്ഷ്യ സംസ്‌കരണ മേഖലയിൽ  7,500 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 400 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 19,500 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു. ഗാർമെന്റ്‌സ് ആന്റ് ടെക്‌സ്‌റ്റൈൽ മേഖലയിൽ  5,800 സംരംഭങ്ങളും 250 കോടി രൂപയുടെ നിക്ഷേപവും 12.000 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് മേഖലയിൽ 2100 സംരംഭങ്ങളും 120 കോടി രൂപയുടെ നിക്ഷേപവും 3,900 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സർവ്വീസ് മേഖലയിൽ 4,300  സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 270 കോടി രൂപയുടെ നിക്ഷേപവും 9900 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിൽ 17,000 സംരംഭങ്ങളും 980 കോടിയുടെ നിക്ഷേപവും 32000 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്.
പദ്ധതിയുടെ ഭാഗമായുള്ള ലൈസൻസ്, ലോൺ, സബ്‌സിഡി മേളകൾ നടന്നു വരികയാണ്. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് നാല് ശതമാനം പലിശക്ക്  വായ്പ ലഭ്യമാക്കുന്നതിനായി പ്രത്യേക പദ്ധതി ആരംഭിച്ചു. 10 ലക്ഷം രൂപ വരെ സംരംഭകർക്ക് ഈ പദ്ധതിയിലൂടെ വായ്പ ലഭ്യമാകും.  403 തദ്ദേശസ്ഥാപനങ്ങളിൽ വായ്പാമേളകൾ നടത്തി ലഭിച്ച അപേക്ഷകളിൽ  9.5 കോടി രൂപയുടെ വായ്പകളും  1326 ലൈസൻസുകളും അതിവേഗം  അനുവദിച്ചു.  ഇതിനൊപ്പം 847 സബ്‌സിഡി അപേക്ഷകളും പരിഗണിച്ചു.
ലൈസൻസ്, ലോൺ,  സബ്‌സിഡി മേളകൾക്ക് മുന്നോടിയായി കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപന പ്രദേശങ്ങളിലും, സംരംഭം തുടങ്ങാൻ താല്പര്യമുള്ള വ്യക്തികൾക്കായി മെയ്, ജൂൺ മാസങ്ങളിൽ പൊതു ബോധവൽക്കരണ പരിപാടികൾ  നടത്തി. 1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി നടത്തിയ 1158 പൊതു ബോധവൽക്കരണ പരിപാടികളിൽ   85,160 പേർ പങ്കെടുത്തു. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വനിതാ സംരംഭകർ നേതൃത്വം നൽകുന്ന 16065 സംരംഭങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗ സംരംഭകരുടേതായി 2.300 സംരംഭങ്ങളും രജിസ്റ്റർ ചെയ്യപ്പെട്ടു.
3 മുതൽ 4 ലക്ഷം വരെയുള്ള ആളുകൾക്ക് തൊഴിൽ കൊടുക്കുവാൻ ലക്ഷ്യമിടുന്ന ഈ ബൃഹത്തായ പദ്ധതിക്ക് തദ്ദേശ സ്വയംഭരണം, സഹകരണം, ഫിഷറീസ്, മൃഗ സംരക്ഷണം മുതലായ വകുപ്പുകളുടെ സഹകരണം ഉറപ്പ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വർഷത്തിന്റെ ഉദ്ഘാടനം നിർവ്വവഹിച്ചത്. തുടർന്ന് സംരംഭക വർഷത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സംസ്ഥാന-ജില്ലാ-തദ്ദേശ സ്ഥാപന തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു. ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫഷണൽ യോഗ്യതയുള്ള 1,153 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെല്പ് ഡെസ്‌ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാകുന്നതാണ്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെല്പ് ഡെസ്‌ക്ക് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ ഇന്റേണുകൾക്കായി ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് കോഴ്‌സുകൾ നടത്തും. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്‌സ് പേഴ്‌സണ്മാരെയും നിയമിച്ചിട്ടുണ്ട്.
വിദേശത്തുള്ള മലയാളികളെയും സംരഭകത്വത്തിന്റെ വിവിധ മേഖലകളെ കുറിച്ച് ബോധവാൻമാരാക്കി, കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കുന്നതിനായി നോർക്കയുമായി ചേർന്ന് ശില്പശാലകൾ നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ, ഒരു തദ്ദേശസ്ഥാപനം ഒരു ഉൽപ്പന്നം (One Local body One Product-OLOP) എന്ന ആശയം നടപ്പിലാക്കാനും പ്രസ്തുത ഉൽപ്പന്നങ്ങളുടെ മൂല്യ വർദ്ധനയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. മെയ്ഡ് ഇൻ കേരള എന്ന ബ്രാൻഡിംഗ് ഇതിനായി ഉപയോഗിക്കും. കേരളത്തിൽ നിർമ്മിക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടെ ഗുണമേൻമ സാക്ഷ്യപ്പെടുത്തുന്നതിനും അവയ്ക്ക് ദേശീയ അന്തർദേശീയ വിപണികൾ പ്രാപ്യമാക്കുന്നതിനു സഹായിക്കുന്നതിനായി കേരള ബ്രാൻഡ് ഉപയോഗിക്കും. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനായി Open Network for Digital Commerce (ONDC) യുമായി ചേർന്ന് ഒരു ഓപ്പൺ നെറ്റ്വർക്ക് പ്ലാറ്റ്‌ഫോം നിർമിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.
ദേശീയ തലത്തിൽ, ഓരോ വർഷവും 30 ശതമാനം ചെറുകിട സംരഭങ്ങൾ അടച്ചു പൂട്ടുന്നുവെന്നതാണ് കണക്ക്. ഈ പശ്ചാത്തലത്തിൽ സംരഭങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായത്തിന് ടെക്‌നോളജി ക്ലിനിക്കുകളും, വിദഗ്ദ്ധാഭിപ്രായങ്ങൾക്ക് വിദഗ്ദ്ധ പാനലുകളുടെ സേവനവും ലഭ്യമാക്കും. ഇതോടൊപ്പം  പ്രത്യേക പ്രദേശങ്ങളിൽ സമാന സ്വഭാവമുള്ള സംരഭങ്ങൾക്ക്  ആവശ്യമെങ്കിൽ ക്ലസ്റ്റർ ഫെസിലിറ്റേഷൻ സെന്ററുകൾ  സർക്കാർ ആരംഭിക്കും. പൊതുവായി ഉപയോഗിക്കേണ്ടി വരുന്ന ഉപകരണങ്ങളും, സാങ്കേതിക വിദ്യകളും ഇതിലൂടെ സംരംഭകർക്ക് ലഭ്യമാക്കും. 445 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്ലസ്റ്റർ ഫെസിലിറ്റേഷൻ സെന്ററിന് അംഗീകാരം നൽകി. സ്വകാര്യ വ്യവസായ പാർക്കുകൾക്കുള്ള 11 എണ്ണം പരിഗണിച്ചതിൽ 6 എണ്ണം സർക്കാർ അംഗീകരിച്ചു. പത്ത് ഏക്കറിന് മുകളിൽ വസ്തു കൈവശമുള്ള വ്യക്തികൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവക്ക് പാർക്കിന് അപേക്ഷിക്കാം. ഇതിനായി ഭൂ പരിഷ്‌ക്കരണ നിയമത്തിൽ സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. ഓൺലൈനായുള്ള അപേക്ഷകളിൽ 30 ദിവസത്തിനകം തീരുമാനം അറിയിക്കും. സംരഭക സൗഹൃദമാർന്ന സമീപനത്തോടെ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു.