ഒരു വ്യക്തിയോ ഒരു കുടുംബമോ പോലും വിശന്നിരിക്കാൻ പാടില്ല എന്നുള്ളതാണ് ഗവൺമെന്റിന്റെ പ്രഖ്യാപിത നിലപാട്. കോവിഡിന്റെ കാലഘട്ടത്തിൽ പോലും ഈ ലക്ഷ്യം പ്രാവർത്തികമാക്കിയാണ് നാം മുന്നോട്ടു പോയത്. സപ്ലൈകോ വിപണിയിൽ നടത്തുന്ന ഇടപെടൽ മാതൃകാപരമാണ്. നെല്ല് സംഭരണത്തിന് 28 രൂപ തറവില പ്രഖ്യാപിക്കുകയും റേഷൻ വിതരണം കൃത്യതയോടെ നടത്തുവാനും നമുക്ക് സാധിക്കുന്നു. 1630 സപ്ലൈകോ ചില്ലറ വിൽപന ശാലകളും മാവേലി സ്റ്റോറുകളും കൃഷിവകുപ്പ് സ്റ്റാളുകളും സഹകരണ ചന്തകളും ഒക്കെ ഉൾപ്പെടുന്ന വിപുലമായ പൊതുവിതരണ ശൃംഖലയാണ് വിപണി നിയന്ത്രണത്തിലെ കേരളത്തിന്റെ നേട്ടത്തിന് കാരണം. പൊതുവിതരണത്തിലെ നല്ല മാതൃകകളിൽ ഒന്നാണ് സൗജന്യ ഓണക്കിറ്റ് വിതരണം. തുടങ്ങി രണ്ട് ദിവസത്തിനുള്ളിൽ 22 ലക്ഷം കിറ്റുകൾ വിതരണം ചെയ്യാൻ നമുക്ക് സാധിച്ചുവെന്നത് പൊതുമേഖല സംവിധാനത്തിന്റെ ശേഷി തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിയോടനുബന്ധിച്ച് ഓണം സമ്മാനമഴ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനവും ഫെയറിലെ ആദ്യ വിൽപ്പനയും മുഖ്യമന്ത്രി നിർവ്വഹിച്ചു.