പരിശോധനക്കായി പ്രത്യേക സ്‌ക്വാഡുകള്‍

ഓണക്കാലത്ത് ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കും. ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍, പപ്പടം, പായസം മിക്‌സ്, വെല്ലം, നെയ്യ്, പച്ചക്കറികള്‍, ചായപ്പൊടി, പരിപ്പുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണകേന്ദ്രങ്ങളിലും, ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍ എന്നിവടങ്ങളിലും ചെക്കുപോസ്റ്റുകളിലും പരിശോധനയുണ്ടാകും. ലേബല്‍ വിവരങ്ങള്‍ പൂര്‍ണമായിട്ടല്ലാതെ വില്പനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷ്യ വസ്തുക്കളും പരിശോധനക്ക് വിധേയമാക്കും. ഓണക്കാല പരിശോധനക്കായി പ്രത്യേക സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ലൈസന്‍സെടുക്കാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടികള്‍ കൈക്കൊളളുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സി. വി. ജയകുമാര്‍ അറിയിച്ചു.

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപാരികള്‍ക്കും ഉപോഭോക്താക്കള്‍ക്കുമായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/രജിസ്ട്രേഷന്‍ എടുക്കേണ്ടതും ഉപഭോക്താക്കള്‍ കാണുന്ന വിധം സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കേ ണ്ടതുമാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കുകയോ, വില്‍പ്പന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണസാധനങ്ങള്‍ നിയമാനുസൃതമായ ലേബല്‍ വ്യവസ്ഥകളോടെ മാത്രമെ വില്‍ക്കാന്‍ പാടുളളൂ. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും, വ്യക്തികളും ശുചിത്വ ശീലങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണം.

ഉപഭോക്താക്കള്‍ക്ക് ഭക്ഷണത്തിന്റെ സുരക്ഷയേക്കുറിച്ച് സംശയമുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറിലും ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ (8943346192), കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ (8848174397), മാനന്തവാടി / സുല്‍ത്താന്‍ ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസര്‍ (8943346570) എന്നീ നമ്പറുകളിലും ബന്ധപ്പെടാം .

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് :

· കമ്പോള വില നിലവാരത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സംശയത്തോടെ നോക്കി കാണേണ്ടതും തിരസ്‌കരിക്കുകയും വേണം. വെളിച്ചെണ്ണയാണ് വാങ്ങുന്നതെങ്കില്‍ പായ്ക്കറ്റിന് പുറത്ത് വെളിച്ചെണ്ണ എന്ന് മലയാളത്തിലോ, കോക്കനട്ട് ഓയില്‍ എന്ന് ഇംഗ്ലീഷിലോ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
· ചെറുപയര്‍, പരിപ്പ് തുടങ്ങിയ പരിപ്പുവര്‍ഗ്ഗങ്ങള്‍, കൃത്രിമനിറം ചേര്‍ത്ത കടും മഞ്ഞ നിറത്തിലുളള ചിപ്സ് എന്നിവ വാങ്ങി ഉപയോഗിക്കരുത്. കടും മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുളള ശര്‍ക്കരയും ഒഴിവാക്കുക. സമീപകാലത്ത് ഏറ്റവും കൂടുതല്‍ മായം കണ്ടെത്തിയത് ശര്‍ക്കരയിലാണ്.
· റോഡ് സൈഡിലും മറ്റും വിലകുറച്ച് വില്‍ക്കുന്ന കശുവണ്ടിപരിപ്പ്, ഉണക്കമുന്തിരി മുതലായവ വാങ്ങാതിരിക്കുക. അവ നിലവാരമില്ലാത്തതാകാന്‍ സാധ്യതയുണ്ട്.
· പഴം, പച്ചക്കറികളില്‍ തൊലികളഞ്ഞ് ഉപയോഗിക്കാന്‍ പറ്റുന്നവ തൊലി കളഞ്ഞതിനുശേഷം ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക. അല്ലാത്തവ അല്‍പം വിനാഗിരിയോ, ഉപ്പോ ചേര്‍ത്ത വെളളത്തില്‍ 30 മിനിറ്റെങ്കിലും മുക്കിവെച്ച് നന്നായി ശുദ്ധജലത്തില്‍ കഴുകിയതിന് ശേഷം ഉപയോഗിക്കുക.
· കേടായതോ, പഴകിയതോ, പുഴുക്കുത്തേറ്റതോ, പൂപ്പല്‍ പിടിച്ചതോ ആയ ഒരു ഭക്ഷ്യവസ്തുവും വാങ്ങി ഉപയോഗിക്കരുത്.· ഭക്ഷ്യസുരക്ഷാ ലൈസന്‍സുളള സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും മാത്രമെ ഭക്ഷണ സാധനങ്ങള്‍ വാങ്ങാവൂ.
· പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മ്മാണ തീയതി, കാലാവധി മുതലായ ലേബല്‍ നിബന്ധനകള്‍ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ.