അതിദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ കുറഞ്ഞ വർഷങ്ങൾ കൊണ്ട് മാറ്റാൻ കഴിയണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആലുവ നഗരസഭ ശതാബ്ദി ദിനാഘോഷത്തോടനുബന്ധിച്ച് നഗരസഭാ അധ്യക്ഷരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നീതി ആയോഗ് പട്ടികയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. പ്രായമായവർക്ക്‌ സംരക്ഷണം, തൊഴിൽ ആവശ്യമുള്ളവർക്ക് തൊഴിൽ, അസുഖ ബാധിതർക്ക് ചികിത്സ, ഭക്ഷണം എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരുക്കി ദാരിദ്ര്യം അനുഭവിക്കുന്നവരെ പൊതുസമൂഹത്തിന് ഒപ്പം ജീവിക്കാൻ പ്രാപ്തരാക്കണം. കക്ഷി രാഷ്ട്രീയ ഭേദമന്യേ കൂട്ടായ പ്രവർത്തനത്തിലൂടെ ഇത് സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തെ മാലിന്യമുക്തമാക്കി മാറ്റാൻ വികേന്ദ്രീകൃത കേന്ദ്രീകരണ സംസ്കരണ പദ്ധതികൾ ആവിഷ്കരിച്ച് മാലിന്യ സംസ്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കണം. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം ആണെന്നുള്ള ബോധം ഓരോ വ്യക്തികളിലും സൃഷ്ടിക്കാൻ കഴിയണം. മാലിന്യം കൊണ്ട് ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവഴി സാധ്യമാകും.

വാതിൽപടി സേവനങ്ങൾ എല്ലാ തദ്ദേശസ്വയംഭരണ പരിധികളിലും ശക്തമാക്കണം. നിർധനരായവർക്കും, കിടപ്പിലായവർക്കും, രോഗികൾക്കും ആശ്രയം ആകണം. വാതിൽപടി സേവനം ഫലപ്രദമായി നടപ്പിലാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡ് തലങ്ങളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, എന്നിവരെ ഉൾപ്പെടുത്തി സന്നദ്ധ സേന രൂപീകരിക്കണം. ഇത്തരം പ്രവർത്തനങ്ങളിലൂടെ അസുഖങ്ങളും, ദാരിദ്ര്യവും, വാർദ്ധക്യവും മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് ആശ്രയം ആകാനും, അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കാനും പ്രാദേശിക സംവിധാനങ്ങളിലൂടെ സാധിക്കും.

തൊഴിലില്ലായ്മ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന ഒരു വർഷം 20 ലക്ഷം ആളുകൾക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. തൊഴിലന്വേഷകരെ വീടുകളിലെത്തി കണ്ടെത്തി ഇവർക്ക് ആവശ്യമായ ഭാഷ, നൈപുണ്യ വികസനം അടക്കമുള്ള മേഖലകളിൽപരിശീലനം നൽകിയാണ് ഇവരെ തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുന്നത്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ വഴിയുള്ള പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായി. രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മറ്റൊരു പദ്ധതിയാണ് “ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ”. പദ്ധതി ആരംഭിച്ച് മൂന്നുമാസം പിന്നിടുമ്പോൾ നിരവധി സംരംഭങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. സംരംഭകർക്ക് പുതിയ സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും പദ്ധതി വഴി നൽകിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കൂട്ടായ പ്രവർത്തനങ്ങളിലൂടെ ലോകത്തിലെ വികസിത നാടിനൊപ്പം എത്താൻ കേരളത്തിന് സാധിക്കും ഇതിന് പ്രാദേശിക ഗവൺമെന്റായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള പ്രവർത്തനം അനിവാര്യമാണ്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ നിരവധി വികസന പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി നൂറു വർഷങ്ങൾ തികഞ്ഞ് മുന്നോട്ടുപോകുന്ന ആലുവ നഗരസഭയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാനും, ചേംബർ ഓഫ് മുൻസിപ്പൽ ചെയർമാൻ കേരള അധ്യക്ഷനുമായ എം.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. എം.പി മാരായ ബെന്നി ബഹനാൻ, ജെബി മേത്തർ, അൻവർ സാദത്ത് എം.എൽ.എ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ ജോയ്, ആലുവ മുനിസിപ്പൽ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, വിവിധ നഗരസഭാ അധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു.