റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന രണ്ട് റോഡുകള്‍ക്ക് കൂടി നിര്‍മ്മാണത്തിന് ഭരണാനുമതിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നി പഞ്ചായത്തിലെ രാമപുരം ഇല്ലത്ത് പടി റോഡ്, കോട്ടാങ്ങല്‍ പഞ്ചായത്തിലെ പാപ്പനാട്ടുപടി പഞ്ചായത്ത് പടി റോഡ് എന്നിവയ്ക്കാണ് പുതുതായി ഭരണാനുമതി ലഭിച്ചത്. സാങ്കേതിക അനുമതി കൂടി ലഭിച്ചാല്‍ ഇവയുടെ നിര്‍മ്മാണം ടെന്‍ഡര്‍ ചെയ്യാനാകും. റീ ബില്‍ഡ് കേരളയുടെ പട്ടികയില്‍ റാന്നി നിയോജക മണ്ഡലത്തിലെ 22 റോഡുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഇവയില്‍ ചണ്ണ -കുരുമ്പന്‍മൂഴി റോഡ്, റേഷന്‍കടപ്പടി – മുളന്താനം റോഡ്, മേലേപ്പടി – ചെല്ലക്കാട് റോഡ്, കിളിയാനിക്കല്‍ – തൂളികുളം റോഡ്, മടുക്കമൂട് -അയ്യപ്പ മെഡിക്കല്‍ കോളേജ് റോഡ്, ബംഗ്ലാം കടവ് – വലിയകുളം റോഡ്, ബംഗ്ലാീകടവ് -സ്റ്റേഡിയം റോഡ്, പാറക്കാവ് – വാഴക്കുഴി റോഡ്, സി കെ റോഡ്, കോയിപ്പള്ളി മേലേപ്പടി – മേലേതില്‍പ്പടി റോഡ്, അത്തിക്കയം – കടു മീഞ്ചിറ റോഡ്, വലിയപറമ്പില്‍ പടി – ഈട്ടിച്ചുവട് റോഡ്, കണ്ണങ്കര – ഇടമുറി റോഡ് എന്നിവയില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവയുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, പൂവന്മല -പനംപ്ലാക്കല്‍ റോഡ് പലതവണ ടെന്‍ഡര്‍ ചെയ്‌തെങ്കിലും കരാര്‍ ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ തുക ഉയര്‍ത്തി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും എംഎല്‍എ അറിയിച്ചു.