*ആരോഗ്യ, വനിത ശിശുവികസന വകുപ്പുകളുടെ സംയുക്ത യോഗം മന്ത്രി വിളിച്ചുചേർത്തു
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കുട്ടികളുടെ ഐസിയു സെപ്റ്റംബർ 15നകം സജ്ജമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രി വികസനത്തിനായി 7.25 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.
ആശുപത്രിയെ അത്യാധുനിക മാതൃശിശു സംരക്ഷണ ആശുപത്രിയാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കും അട്ടപ്പാടിയിൽ നടന്നു വരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ആരോഗ്യ, വനിത ശിശുവികസന വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ട്രൈബൽ പ്രൊമോട്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ ഫീൽഡുതല പ്രവർത്തനങ്ങൾ ഊർജിതമാക്കണം. സർക്കാർ പദ്ധതികളുടെ പ്രയോജനം പൂർണമായും ആദിവാസി ജനവിഭാഗങ്ങൾക്ക് ലഭ്യമാകണം. ഗർഭിണികളുടേയും സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിന പരിപാടിയുടെ പ്രവർത്തന പുരോഗതിയെപ്പറ്റി റിപ്പോർട്ട് നൽകാൻ വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
തനത് വിഭവങ്ങൾ പോഷകാഹാര പദ്ധതിയിൽ ഉൾപ്പെടുത്താൻ പറ്റുന്നതിന്റെ സാധ്യത തേടും. കോട്ടത്തറ ആശുപത്രിയിൽ നിന്നും രോഗികളെ അനാവശ്യമായി റഫർ ചെയ്യുന്നതായി പരാതി ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യങ്ങളെപ്പറ്റി അന്വേഷണം നടത്താൻ പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദേശം നൽകി.