കനത്ത മഴയെ തുടർന്നുണ്ടായ വെളളക്കെട്ടിൽ മുങ്ങിയ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോൾ വളരെയധികം ശ്രദ്ധയും മുൻകരുതലുകളും എടുക്കേണ്ടതാണെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു.
1. വീടുകൾ വൃത്തിയാക്കി ആവശ്യമായ പരിശോധനകൾക്കുശേഷം മാത്രമേ മെയിൻ സ്വിച്ച് ഓണാക്കാൻ പാടുളളൂ. മീറ്റർ ബോർഡ്, മെയിൻ സ്വിച്ച്, ഫ്യൂസുകൾ, ഡിസ്ട്രിബ്യൂഷൻ ബോർഡുകൾ, എന്നിവ തുറന്ന് പരിശോധിച്ച് വെളളം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. വീടുകളിലേയും സ്ഥാപനങ്ങളിലേയും മെയിൻ സ്വിച്ചും തുടർന്നുളള വയറിംങ്ങും, ഉപകരണങ്ങളും ലൈസൻസുളള ഇലക്ട്രിക്കൽ കോൺട്രോക്ടറുടെ സഹായത്തോടെ പരിശോധിച്ച് അപകടരഹിതമാണെന്നു ഉറുപ്പുവരുത്തണം.
2. വൈദ്യുതി മീറ്ററിലും കട്ടൗട്ടിലും തകരാർ ഉണ്ടെങ്കിൽ കെ.എസ്.ഇ.ബി ലിമിറ്റഡിലെ ഇലക്ട്രിക്കൽ സെക്ഷനുമായി ബന്ധപ്പെടേണ്ടതാണ്.
3. വെളളത്തിൽ മുങ്ങിയ ട്രാൻസ്‌ഫോർമറുകൾ അതിന്റെ നിർമ്മാതാക്കളുമായി ബന്ധപ്പെട്ട് ഇൻസുലേഷൻ റസിസ്റ്റൻസ് ടെസ്റ്റുകൾ ഉൾപ്പെടെ ആവശ്യമായ പരിശോധനകൾ നടത്തിയ ശേഷം മാത്രമേ ചാർജ്ജ് ചെയ്യാവൂ.
4. വൈദ്യുത പാനലുകളിൽ വെളളം കയറിയിട്ടുണ്ടെങ്കിൽ പാനലുകൾ വൃത്തിയാക്കി ഇൻസുലേഷൻ റസിസ്റ്റൻസ് ഉൾപ്പെടെ പരിശോധിച്ച് അപകടകരമല്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പാനലുകൾ ഓൺ ചെയ്യാവൂ.
5. മണ്ണിടിച്ചിലിനേയും സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായുളള മണ്ണുമാന്തികൾ പോലുളള ഉപകരണങ്ങളുടേയും പ്രവർത്തനഫലമായി ഭൂഗർഭ കേബിളുകൾക്കും എർത്തിംങ്ങ് സംവിധാനത്തിനും കേടുപറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അപകടരഹിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. എർത്തിങ്ങ് സംവിധാനം ശരിയായ രീതിയിലാണോയെന്നും എർത്തി കമ്പിയിൽ പൊട്ടലുകൾ ഇല്ല എന്നും ഉറപ്പ് വരുത്തണം.
6. വെളളക്കെട്ടുളള സ്ഥലങ്ങളിൽ ഇറങ്ങുന്നതിന് മുമ്പ് വൈദ്യുതി പ്രവഹിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. റോഡിന്റെ വശങ്ങളിലുളള കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ട്രാൻസ്‌ഫോർമർ, സ്റ്റേ വയർ, ഇരുമ്പ് പോസ്റ്റ്, ഫ്യൂസുകൾ എന്നിവയിൽ സ്പർശിക്കാതിരിക്കുക. ഇവയിൽ എന്തെങ്കിലും അപാകതകൾ കണ്ടാൽ തൊട്ടടുത്തുളള കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ അറിയിക്കേണ്ടതാണ്.
7. സ്വന്തമായി ട്രാൻസ്‌ഫോമർ ജനറേറ്റർ മുതലായവ സ്ഥാപിച്ചിട്ടുളള ബഹുനില കെട്ടിടങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ആശുപത്രിയിൽ മുതലായ സ്ഥലങ്ങളിൽ ഇവയെ വെളളപ്പൊക്കം ബാധിച്ചിടുണ്ടെങ്കിൽ അതിന്റെ നിർമ്മാതാക്കളുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തി അപകടരഹിതമാണെന്ന് ഉറുപ്പുവരുത്തിയതിന് ശേഷം മാത്രമേ പ്രവർത്തിപ്പിക്കാവൂ.
8. വീടുകളിലും സ്ഥാപനങ്ങളിലും നിലവിൽ എർത്ത് ലീക്കേജ് സംരക്ഷണ സംവിധാനങ്ങൾ (ELCB, RCCB, RCBO, ELR) സ്ഥാപിക്കാത്തവർ സ്ഥാപിക്കേണ്ടതാണ്.