ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് എങ്ങനെ പ്രവർത്തിക്കണം എന്നതിനുള്ള മികച്ച ഉദാഹരണമാണ് വടകര നഗരസഭയിൽ ഹരിയാലി എന്നപേരിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന. ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുക എന്നതിലുപരി മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകള്‍ കൂടി പരിശോധിച്ചുകൊണ്ടാണ് ഹരിയാലിയുടെ പ്രവർത്തനങ്ങൾ.

മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും വേറിട്ട മാതൃക തീർക്കുന്ന ഹരിയാലിക്കാരെ വടകരക്കാർക്ക് സുപരിചിതമാണ്. ‘ഹരിയാലി’ എന്നാൽ പച്ചപ്പ് എന്നർത്ഥം.
ഇവരുടെ പ്രവർത്തനങ്ങൾ അറിയാനും പഠിക്കാനുമായി സഞ്ചാരികളും വിദേശ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരും എത്തുന്നുണ്ട്.

രാവിലെ എട്ട് മണിക്ക് തുടങ്ങും ഇവരുടെ ജോലി. എട്ടേ കാൽ വരെ ഹാജർ രേഖപ്പെടുത്തൽ. പിന്നെ മാലിന്യ ശേഖരണവും വേർതിരിക്കലും, ഏകദേശം മൂന്നരയാവുമ്പോഴേക്കും പണികൾ കഴിയും. നഗരസഭയിലെ 47 വാര്‍ഡുകളിലുമുള്ള എണ്ണായിരത്തോളം വീടുകളില്‍ നിന്നാണ് ഹരിയാലി പ്രവര്‍ത്തകരുടെ അജൈവ മാലിന്യ ശേഖരണം.
കടകളില്‍ നിന്നും ഇവർ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. മാലിന്യം എടുക്കുന്ന വീടുകളിലും കടകളിലും ഓരോ കാർഡും നല്‍കും.എല്ലാ മാസവും കൃത്യമായി അതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും.
മാസത്തില്‍ ഒരു തവണയാണ് ഓരോ വാർഡുകളിലും എത്തുക. വീടുകളിൽ നിന്ന് അമ്പത് രൂപയും കടകളില്‍ നിന്ന് നൂറ് രൂപയുമാണ് യൂസര്‍ ഫീ ആയി വാങ്ങുന്നത്. മൂന്നു ചാക്കുകളാണ് പരമാവധി അമ്പത് രൂപയ്ക്ക് എടുക്കുക. അതില്‍ക്കൂടുതല്‍ വന്നാല്‍ അതിനനുസരിച്ച് തുക ഈടാക്കും. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ എത്തിക്കും. തുടർന്ന് മാലിന്യങ്ങള്‍ വേർതിരിച്ച് വിവിധ ഏജൻസികൾക്ക് കൈമാറും.

മാലിന്യ ശേഖരണത്തിന്റെ തുടക്കഘട്ടം ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരും നല്ല സഹകരണമാണ്. ദിവസം തെറ്റിയാൽ വിളിച്ച് അന്വേഷിക്കുന്ന സ്ഥിതിയിലേക്ക് ആളുകളുടെ മനോഭാവം മാറിയെന്ന് സേനയുടെ സെക്രട്ടറി പി കെ അനില പറയുന്നു.

2017 ഒക്ടോബറിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഹരിയാലിക്ക്‌ ആരംഭം കുറിക്കുന്നത്. തുടക്കത്തിൽ 60 പേരടങ്ങുന്ന ടീം ഇപ്പോൾ 90 അംഗങ്ങളുള്ള ഒരു വിങ്ങായി മാറിക്കഴിഞ്ഞു. നഗരസഭയിലെ വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങളാണ് ഇവർ. ബോണസ്, ഇൻഷുറൻസ്, പെൻഷൻ തുടങ്ങി തൊഴിലാളി സൗഹൃദ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്.

വടകര നഗരസഭയുടെ മാലിന്യ സംസ്‌കരണ, കൃഷിവ്യാപന, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് ഹരിയാലി. സൊസൈറ്റി ആക്ടനുസരിച്ച് ഹരിയാലി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നഗരസഭയ്ക്ക് കീഴിലുള്ള കെട്ടിടത്തിലാണ് ഹരിയാലി കർമ്മ സേനയുടെ സ്ഥാപനം സ്ഥിതിചെയ്യുന്നത്. മാലിന്യങ്ങൾ ഇവിടെയെത്തിക്കാൻ ഇവർക്ക് സ്വന്തമായി ഒരു വാഹനവും ഉണ്ട്.

മാലിന്യ സംസ്കരണമേഖലയിൽ ഹരിയാലിയുടെ സഹായത്തോടെ വടകര നഗരസഭ ഇതുവരെ 16 ഓളം അവാർഡുകൾ സ്വന്തമാക്കിക്കഴിഞ്ഞു. ജില്ലയിലെ മികച്ച മാലിന്യ സംസ്കരണ സംവിധാനത്തിനുള്ള പുരസ്കാരവും നഗരസഭ നേടിയിരുന്നു. മാലിന്യനിർമ്മാർജ്ജനത്തിന് പുറമെ ഒമ്പത് മൈക്രോ ഹരിത സംരംഭങ്ങളും നഗരസഭയുടെ നേതൃത്വത്തിൽ ഹരിയാലിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.