ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ പ്രേരക്മാരുടെ സംഗമവും പത്ത്, ഹയര്‍സെക്കന്ററി തുല്യത പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും കണ്ണാടി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. പത്ത്, ഹയര്‍സെക്കന്ററി തുല്യത പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ എ.ജി. ഒലീന മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും നടപ്പിലാക്കുന്ന ‘ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രം’ വിവിധ വകുപ്പുകളെയും തദ്ദേശസ്ഥാപനങ്ങളെയും പ്രവര്‍ത്തകരെയും ഏകോപിച്ച് നടപ്പിലാക്കുമെന്നും പ്രേരക്മാരെ തദ്ദേശസ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കുന്നതോടെ
തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പ്രേരക്മാരും കൂടുതല്‍ ശക്തമാകുമെന്നും അവര്‍ പറഞ്ഞു. സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. സംസ്ഥാന സാക്ഷരതാമിഷന്‍ അസി. ഡയറക്ടര്‍ സന്ദീപ്ചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി. ന്യൂനപക്ഷപരിശീലന കേന്ദ്രം പ്രിന്‍സിപ്പള്‍ ഡോ. വാസുദേവന്‍ പിള്ള സന്ദേശം നല്‍കി. അസി. കോര്‍ഡിനേറ്റര്‍ പി.വി. പാര്‍വതി, ജില്ലാ സാക്ഷരതാസമിതി അംഗങ്ങളായ ഒ. വിജയന്‍മാസ്റ്റര്‍, ഡോ. പി.സി. ഏലിയാമ്മ, കണ്ണാടി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ജീജ, നോഡല്‍ പ്രേരക് എം.കെ. ഗീത സംസാരിച്ചു. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്രേരക്മാരും കുഴല്‍മന്ദം ബ്ലോക്കിലെ പുതിയതായി രജിസ്റ്റര്‍ ചെയ്ത പഠിതാക്കളും യോഗത്തില്‍ പങ്കെടുത്തു.