പുതുതലമുറ നെയ്ത്തുകാർക്ക് പരിശീലനം നൽകും

കൈത്തറി മേഖലയിൽ തൃശൂരിൻ്റെ സംഭാവനയായ കുത്താമ്പുള്ളിയെ കൂടുതൽ വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്കായി കുത്താമ്പുള്ളി കൈത്തറി ഗ്രാമം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടർ. കുത്താമ്പുള്ളിയെ മികച്ച ബ്രാൻ്റായി വളർത്തിക്കൊണ്ടു വരുന്നതിനും ഈ രംഗത്ത് വൈവിധ്യ വൽക്കരണം നടപ്പിലാക്കുന്നതിനുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി കൈകോർക്കും. ഒന്നിലേറെ നെയ്ത്തുകാർ ദിവസങ്ങൾ എടുത്താണ് ഒരു ഡിസൈൻ സാരി നെയ്തെടുക്കുന്നത്. നെയ്ത്തുകാരുടെ അധ്വാനത്തിനും നൈപുണ്യത്തിനും അർഹമായ പ്രതിഫലം ഉറപ്പുവരുത്താൻ കഴിയണമെങ്കിൽ ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗ് മെച്ചപ്പെടുത്തണം. ഇതിൻ്റെ ഭാഗമായി തൃശൂർ നഗരത്തിൽ കുത്താമ്പുള്ളി ഉൽപ്പന്നങ്ങളുടെ പ്രദർശന വിൽപ്പന കേന്ദ്രം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. കുത്താമ്പുള്ളി ഉൽപ്പന്നങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

കുത്താമ്പുള്ളിയുടെ പാരമ്പര്യം പുതു തലമുറയിലേക്ക് പകർന്നു നൽകുന്നതിനായി ഇവിടെ നിന്നുള്ള യുവതീ യുവാക്കൾക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പരിശീലനം നൽകും. കുത്താമ്പുള്ളി കൈത്തറി നെയ്ത്തു സഹായ സഹകരണ സംഘത്തിലും നെയ്ത്തുകാരുടെ വീടുകളിലും സന്ദർശനം നടത്തിയ ജില്ലാ കലക്ടർ, മേഖല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വികസന സാധ്യതകളെ കുറിച്ചും നെയ്ത്തുകാരുമായി സംസാരിച്ചു. ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ എസ് കൃപകുമാർ, ഡെപ്യൂട്ടി രജിസ്ട്രാർ സി ലിനോ ജോർജ് തുടങ്ങിയവരും ജില്ലാ കലക്ടർക്കൊപ്പമുണ്ടായിരുന്നു