ജൽശക്തി അഭിയാൻ ക്യാച്ച് ദി റെയിൻ ക്യാമ്പയിനിൻ്റെ ഭാഗമായി പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ഓഗസ്റ്റ് 29,30 തിയതികളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്.
ജലസംരക്ഷണ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് കലക്ടർ യോഗത്തിൽ പറഞ്ഞു. ജലശക്തി അഭിയാൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടപ്പാക്കിയതും നടപ്പിലാക്കുന്നതുമായ പദ്ധതികൾ ജില്ലാ നോഡൽ ഓഫീസർ ഡോ. ആർട്ട്സ് കെ. പുരുഷോത്തം അവതരിപ്പിച്ചു. ഇതിൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനപ്പെട്ട പദ്ധതികൾ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടറും കേന്ദ്ര നോഡൽ ഓഫീസറുമായ വിവേക് ശുക്ല, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ പൂനെയിലെ ശാസ്ത്രജ്ഞൻ കേശവ് ബോഗാഡെ എന്നിവർ നേരിട്ട് വിലയിരുത്തി. ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമലശ്രീ സംഘത്തെ അനുഗമിക്കുന്നുണ്ട്.
വിവിധ വകുപ്പുകൾ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോഡിനേറ്റർ പി.സി. ബാലഗോപാൽ, മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസർ താര മനോഹരൻ, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർ എം.എൻ. കൃഷ്ണൻ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഡോ. കെ. വാസുദേവൻ പിള്ള എന്നിവർ വിശദീകരിച്ചു.
ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ബി. മുരളീധരൻ, ജലസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട വകുപ്പുകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വകുപ്പുകളിലെയും ഉയർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.