മഴക്കെടുതിയുടെ അടിയന്തിര സാഹചര്യം പരിഗണിച്ച് ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. പ്രളയക്കെടുതിയില്‍പ്പെട്ട് അപ്പര്‍ കുട്ടനാട് മേഖലയില്‍ നിന്നും പതിനായിരങ്ങള്‍ ചങ്ങനാശ്ശേരി മേഖലയില്‍ അഭയം പ്രാപിച്ച സാഹചര്യത്തിലാണ് ആശുപത്രി 24 മണിക്കൂര്‍ സേവനം നല്‍കാന്‍ തീരുമാനിച്ചത്. ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, ഓര്‍ത്തോ പീഡിയാട്രീഷ്യന്‍, ഫിസിഷ്യന്‍, അനസ്‌തേഷ്യസ്റ്റ് തുടങ്ങിയ ഡോക്ടര്‍മാരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്. ചങ്ങനാശ്ശേരിയുടെ വിവിധ മേഖലകളിലുളള ക്യാമ്പുകളില്‍ 23 മെഡിക്കല്‍ ടീമുകള്‍ പരിശോധന നടത്തും. ഒരു ഡോക്ടറും 2 സ്റ്റാഫ് നേഴ്‌സുമാരും ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും അടങ്ങുന്നതാണ് ഒരു ടീം. ആരോഗ്യ വകുപ്പ്, മെഡിക്കല്‍ കോളേജ്, ഐഎംഎ, സന്നദ്ധ ഡോക്ടര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുന്നത്. ആശാപ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പിന്റെ ഫീല്‍ഡ് സ്റ്റാഫ് അംഗങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ക്യാമ്പുകളില്‍ കഴിയുന്നവരുടെ മാനസികനില പരിശോധിച്ച് ബോധവത്ക്കരണം നടത്തും.
