വെള്ളപ്പൊക്കത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. വീടുകള്‍ വൃത്തിയാക്കുന്നതിന് മുമ്പ് കെട്ടിട സുരക്ഷയും ഗ്യാസ്-വൈദ്യുതി സുരക്ഷയും പരിശോധിച്ച് ഉറപ്പുവരുത്തണം. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണം. പരിസരം വൃത്തിയാക്കുന്നതിന് ഒരു കിലോഗ്രാം നീറ്റുകക്കയില്‍ 250 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് ഉപയോഗിക്കാം. കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേഷന് വിധേയമാക്കണം. കുപ്പിവെള്ളം ഉള്‍പ്പെടെ തിളപ്പിച്ച് മാത്രം ഉപയോഗിക്കുക. മലിനമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കൈയുറയും കാലുറയും ധരിക്കുക. എലിപ്പനി പ്രതിരോധമരുന്നായ ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ഉപയോഗിക്കു ക. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തുക. പനിയോടൊപ്പം തടിപ്പുകള്‍, തിണര്‍പ്പുകള്‍, വയറിളക്കം, ഛര്‍ദി തുടങ്ങിയവ ഉണ്ടായാല്‍ വൈദ്യസഹായം തേടണം. ആരോഗ്യ സംബന്ധമായ കൂടുതല്‍ വിവരം ലഭിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് 0471 2552056 എന്ന നമ്പരിലേക്ക് ബന്ധപ്പെടാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ അറിയിച്ചു.