ഉല്ലാസയാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ യാത്ര സാധ്യമാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ആരംഭിച്ച ആനവണ്ടി യാത്ര ജനപ്രിയമാകുന്നു. 2021 നവംബര്‍ 14ന് നെല്ലിയാമ്പതിയിലേക്കാണ് യാത്ര ആരംഭിച്ചത്. പാലക്കാട് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. കഴിഞ്ഞ എട്ടുമാസത്തിനിടെ നെല്ലിയാമ്പതിയിലേക്ക് മാത്രമുള്ള 167 യാത്രകളിലായി ആറായിരത്തിനടുത്ത് സഞ്ചാരികള്‍ ആനവണ്ടി യാത്രയില്‍ പങ്കാളികളായി. ആകെ 190 യാത്രകളില്‍നിന്നായി 86,79,000 വരുമാനവും നേടി. നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രയും ശ്രദ്ധേയമാണ്. നെഫര്‍റ്റിറ്റി യാത്രയുടെ ഭൂരിഭാഗം സംഭാവനയും പാലക്കാടിന്റേതായിരുന്നു. ആകെ നെഫര്‍റ്റിറ്റി യാത്ര നടത്തിയതില്‍ 60 ശതമാനവും പാലക്കാട് യൂണിറ്റില്‍നിന്നുമാണ്. 42 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. 1200 യാത്രികര്‍ പങ്കാളികളായി.
എല്ലാത്തരം ആളുകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മൂന്നാര്‍, നെല്ലിയാമ്പതി, നാലമ്പല ദര്‍ശനം, സാഗര്‍റാണി യാത്ര, പറമ്പിക്കുളം, വണ്ടര്‍ല, ഗ്രാമയാത്ര എന്നിങ്ങനെ നടത്തിയ 190 യാത്രകളില്‍ 8172 പേരാണ് പങ്കെടുത്തത്. 86 ലക്ഷത്തിലധികം രൂപ വരുമാനം നേടിയതോടെ സംസ്ഥാനത്തെ മികച്ച യൂണിറ്റായി പാലക്കാട് മാറി. കൂടാതെ ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഗ്രാമയാത്രയും സംഘടിപ്പിച്ചിരുന്നു. കല്‍പ്പാത്തി അഗ്രഹാരത്തില്‍നിന്നും ആരംഭിച്ച് ഇഡലി കൊണ്ട് പ്രശസ്തമായ രാമശ്ശേരിയിലൂടെ തസ്രാക്കിലെ ഒ.വി. വിജയന്റെ എഴുത്തുപുരയും ചുള്ളിയാര്‍ ഡാമും മുതലമടയും കണ്ടാണ് യാത്ര അവസാനിച്ചത്. മികച്ച പ്രതികരണമാണ് ഗ്രാമയാത്രയ്ക്ക് ലഭിച്ചത്.

 

ഓണത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ യാത്ര

ഓണത്തോടനുബന്ധിച്ച് നിരവധി യാത്രകളാണ് ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ രണ്ട്, 15, 18, ഒക്‌ടോബര്‍ അഞ്ച് തീയതികളില്‍ ആറന്മുളയിലേക്കാണ് യാത്ര. ഒരു യാത്രയില്‍ 39 പേര്‍ക്ക് പങ്കെടുക്കാം. സെപ്റ്റംബര്‍ രണ്ടിലെ ബുക്കിങ് സമാപിച്ചു. മറ്റു തീയതികളിലേക്കുള്ള ബുക്കിങ് അവസാനിക്കാറായി. സെപ്റ്റംബര്‍ നാലിന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി കാണാനും കെ.എസ്.ആര്‍.ടി.സി. അവസരമൊരുക്കുന്നുണ്ട്. ഒരു ബസില്‍ 39 പേര്‍ക്ക് യാത്ര ചെയ്യാം. ആദ്യസംഘത്തിന്റെ ബുക്കിങ് പൂര്‍ത്തിയായി. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി കൂടുതല്‍ യാത്രക്കാര്‍ ഉള്ളതിനാല്‍ രണ്ടാമതൊരു ബസ് കൂടി ഒരുക്കിയിട്ടുണ്ട്. 30-ഓളം ടിക്കറ്റുകളാണ് അവശേഷിക്കുന്നത്. താത്പര്യമുള്ളവര്‍ 9947086128 എന്ന നമ്പറില്‍ നെഹ്‌റു ട്രോഫി വള്ളംകളി വിവരങ്ങള്‍ എന്ന് വാട്ട്‌സ് ആപ്പ് സന്ദേശം അയക്കുക. 1900, 1400 എന്നീ രണ്ട് വിഭാഗങ്ങളായാണ് ടിക്കറ്റ് നിരക്ക്.
പാലക്കാടിന്റെ മനോഹാരിതയും കലാസാംസ്‌കാരിക പൈതൃകവും അടുത്തറിയാന്‍ പുതിയ പദ്ധതികള്‍ കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ ആവിഷ്‌കരിക്കുന്നുണ്ട്. ശിരുവാണി, മീന്‍വല്ലം, കാഞ്ഞിരപ്പുഴ ഡാം, ഡബിള്‍ ഡക്കര്‍ യാത്ര എന്നിവ പണിപ്പുരയിലാണ്. വിനോദസഞ്ചാര യാത്രകളില്‍ സെപ്റ്റംബറോടെ ഒരു കോടി രൂപ തികയ്ക്കുന്ന കേരളത്തിലെ ആദ്യ യൂണിറ്റായി മാറാനുള്ള പരിശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി. പാലക്കാട് യൂണിറ്റ്.