പ്രളയക്കെടുതിയെത്തുടർന്നു പത്തനംതിട്ടയിൽ നിർത്തിവച്ചിരുന്ന സർവീസ്
കെ.എസ്.ആർ.ടി.സി. പുനരാരംഭിച്ചു. തിരുവനന്തപുരത്തുനിന്നുള്ള ദീർഘദൂര
സർവീസുകളടക്കം പത്തനംതിട്ട വഴി സർവീസ് നടത്തുന്നുണ്ടെന്ന്
കെ.എസ്.ആർ.ടി.സി. ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ജി. അനിൽ കുമാർ അറിയിച്ചു.

കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന തിരുവനന്തപുരം
മേഖലയിൽ എല്ലാ റൂട്ടുകളിലും സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. കൊല്ലം
യൂണിറ്റിൽനിന്ന് രാവിലെ നാലു ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ തെന്മലയ്ക്കും
പുനലൂർ ഡിപ്പോയിൽനിന്ന് നാലു സർവീസുകൾ എം.എസ്.എല്ലിലേക്കും ആര്യങ്കാവ്
ഡിപ്പോയിൽനിന്ന് ചെങ്കോട്ടയിലേക്കു നാലു സർവീസുകളും നടത്തി.

കൊല്ലം – കുളത്തൂപ്പുഴ, കൊല്ലം – ചെങ്ങന്നൂർ, കൊല്ലം – പത്തനംതിട്ട ചെയിൻ
സർവീസുകൾ 20 മിനിറ്റ് ഇടവേളകളിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം
അറിയിച്ചു.