*മാലിന്യ വിമുക്ത പ്രോട്ടോകോള്‍ നടപ്പാക്കും
രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്ക് തിരിയേണ്ട ഘട്ടമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ദുരിതത്തിനിരയായവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്. ഇതിനനുസരിച്ചുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. ക്യാമ്പുകളില്‍ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അവര്‍ക്ക് ഒന്നിനും മുട്ടുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി  സ്വീകരിക്കും. വെള്ളം, വൈദ്യുതി, ഭക്ഷണം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്കുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം ശുദ്ധജലം ലഭ്യമാക്കുകയാണ്. മലിനീകരിക്കപ്പെട്ട ജലസ്രോതസുകള്‍ പൂര്‍ണമായി ശുദ്ധീകരിക്കാനാവണം. പൊട്ടിയ പൈപ്പ് ലൈനുകള്‍ നന്നാക്കണം. ഇതിനാവശ്യമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിച്ച് നടപ്പാക്കും. പുനരധിവാസത്തിന് ആവശ്യമായ എല്ലാവരുടെയും സഹായം ഉറപ്പാക്കും. ക്യാമ്പുകളിലേക്ക് പോകാതെ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ വനിതാ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. വൈദ്യുതി തകര്‍ച്ച പുനസ്ഥാപിക്കുക പ്രധാനമാണ്. ഇതില്‍ സുരക്ഷയുടെ പ്രശ്‌നം നിലനില്‍ക്കുന്നു. വീടുകളില്‍ പരിശോധന നടത്തി മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാവൂ. എന്നാല്‍ തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനും കുടിവെള്ള പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുമായി വൈദ്യുതി ബന്ധം സ്ഥാപിക്കും. തദ്ദേശസ്ഥാപനങ്ങള്‍ വീടുകളില്‍ പ്രാഥമിക പരിശോധനയും നടത്തും.
ശുചീകരണം ഫലപ്രദമായി നടത്തുന്നതിന് മാലിന്യ വിമുക്ത പ്രോട്ടോകോള്‍ നടപ്പാക്കും. ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള ഉപസമിതി ഇത്തരം കാര്യങ്ങളുടെ മേല്‍നോട്ടവും ആസൂത്രണവും നിര്‍വഹിക്കും.
വെള്ളം ഇറങ്ങുമ്പോള്‍ ശുചീകരണ പ്രവര്‍ത്തനം ആരംഭിക്കും. നല്ല ശുചിത്വം പാലിച്ചില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാവും. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ഹരിത കേരള മിഷന്റെ യോഗം ചേര്‍ന്നിരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ മാലിന്യ നിര്‍മാര്‍ജനം നടത്തും. ഇതിനായി ധാരാളം സന്നദ്ധ പ്രവര്‍ത്തകര്‍ വേണ്ടി വരും. താത്പര്യമുള്ളവര്‍ക്കെല്ലാം ഇതില്‍ പങ്കാളികളാവാം. ഓരോ വില്ലേജിലും ഇതിന് നേതൃത്വം നല്‍കാന്‍ ഒരു ഉദ്യോഗസ്ഥനുണ്ടാവും. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കാന്‍ എല്ലായിടത്തും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുണ്ടാവും. ഒരു പഞ്ചായത്തില്‍ ആറ് വീതം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുണ്ടാവും. വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പുറമെ കരാര്‍ അടിസ്ഥാനത്തില്‍ ആളുകളെ എടുക്കും. ഫയര്‍ഫോഴ്‌സിനും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കാനാവും.
പ്രായമായവരും വിവിധ രോഗങ്ങളുള്ളവരുമൊക്കെ ദുരിതത്തിനിരയായിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ സഹായവും ചികിത്‌സയും ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കും. ക്യാമ്പുകളില്‍ ഡോക്ടര്‍മാര്‍ എത്തുന്നുണ്ട്. പഞ്ചായത്തുകള്‍ ആവശ്യമെങ്കില്‍ പ്രത്യേകം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. മറ്റു സംസ്ഥാനങ്ങളും മരുന്നു കമ്പനികളും മരുന്നുകള്‍ എത്തിക്കുന്നുണ്ട്. ഇതിന്റെ ഏകോപനത്തിന് നോഡല്‍ ഓഫീസറെ നിയോഗിക്കും. തെലുങ്കാനയില്‍ നിന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നേരിട്ടെത്തി സഹായം നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി പത്ത് കോടി രൂപയുടെ സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകം മുഴുവന്‍ ശ്രദ്ധിച്ച ദുരന്തമാണിത്. പലതിലും മാതൃക സൃഷ്ടിച്ച കേരളീയര്‍ ദുരന്തം നേരിടുന്നതിലും മാതൃകയാവേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.