ഏതൊരു ജനാധിപത്യസമൂഹത്തെയും നിലനിർത്തുന്നത് വിയോജന ശബ്ദങ്ങളും ക്രിയാത്മക വിമർശനങ്ങളുമാണെന്നും നിരോധിച്ചാൽ ഇല്ലാതാകുന്നതല്ല മൗലികമായ ആവിഷ്‌ക്കാരങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഭിന്നമായ അഭിപ്രായപ്രകടനങ്ങളെ അടിച്ചമർത്തുന്ന ഏതൊരു സമൂഹവും സമഗ്രാധിപത്യത്തിലും സ്വേച്ഛാധിപത്യത്തിലും എത്തിച്ചേരും. ഇന്ത്യയിൽ വിവിധ ജനസമൂഹങ്ങളുടെ ശബ്ദങ്ങൾക്ക് ചെവിയോർത്തുകൊണ്ടു മാത്രമേ നമുക്കു മുന്നോട്ടുപോവാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്ര മേളയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ സംഘടിതമായും ആസൂത്രിതമായും നടത്തുന്ന ഇടപെടലുകളിലൂടെയും ആക്രമണങ്ങളിലൂടെയും വിമത ശബ്ദത്തെ ഇല്ലായ്മ ചെയ്യാമെന്ന് ധരിക്കുന്നത് വിഡ്ഢിത്തമാണ്. പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള  ഭരണഘടനാപരമായ സ്വാതന്ത്യത്തിൽ  കലയും സാഹിത്യവും അടക്കമുള്ള ആവിഷ്‌ക്കാരങ്ങളും ഉൾപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ നിരോധിച്ചാൽ ഇല്ലാതായിത്തീരുന്നതല്ല മൗലികമായ ആവിഷ്‌ക്കാരങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വിശാലമായ ഇടം നൽകുന്ന കാര്യത്തിൽ കേരളം മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിർഭയരായ ചലച്ചിത്രകാരന്മാരെയാണ് നാടിനാവശ്യം. അതുകൊണ്ടുതന്നെ ചിത്രീകരിക്കുന്ന ഓരോ ദൃശ്യവും സമകാലിക സാമൂഹിക യാഥാർത്ഥ്യങ്ങളോടു സത്യസന്ധത പുലർത്തുന്നുണ്ടെന്ന് ഓരോ ചലച്ചിത്രകാരനും ഉറപ്പുവരുത്തണം. സത്യസന്ധമായ ദൃശ്യങ്ങൾ ചേർത്തുവെച്ചുകൊണ്ട് ഇതാണ് ഇന്ത്യ എന്ന് ഉറക്കെപ്പറയാനാകണം. വിശ്വാസ്യതയുള്ള വാസ്തവദൃശ്യങ്ങൾകൊണ്ട് പ്രതിരോധം തീർക്കുന്നതിലൂടെ മാത്രമേ ഈ സത്യാനന്തര കാലത്തിൻറെ പെരുംനുണകളെ നമുക്കു തോൽപ്പിക്കാൻ കഴിയൂവെന്നും അതുവഴി  നമ്മുടെ മതേതര ജനാധിപത്യരാഷ്ട്രത്തിന്റെ ആധാരശിലകൾ തകർക്കുന്ന പ്രതിലോമശക്തികളെയും സാമൂഹിക അനീതികളെയും നമുക്കു തുറന്നുകാട്ടാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്‌കാരിക വകുപ്പ്  മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. മന്ത്രി വി. ശിവൻകുട്ടി,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, ഫെസ്റ്റിവൽ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി, ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ ഹൻസാ തപ്ലിയാൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പുരസ്‌കാരം ലഭിച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു.