കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളകള്‍ തുടങ്ങി. മേളയുടെ ഭാഗമായി സഞ്ചരിക്കുന്ന മൊബൈല്‍ പ്രദര്‍ശന വിപണന മേളയും നടക്കും. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന മേള ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ സെപ്തംബര്‍ 3 വരെയാണ് മൊബൈല്‍ കൈത്തറി വസ്ത്ര വിപണന മേള നടക്കുക.
വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കൈത്തറി നെയ്ത്ത് സംഘങ്ങളുടെയും ഹാന്‍ടെക്സിന്റേയും സാരികള്‍, ബെഡ് ഷീറ്റുകള്‍, ഷര്‍ട്ടിംഗ്, സ്യൂട്ടിംഗ്, ചുരിദാര്‍ മെറ്റീരിയല്‍, കസവു സാരികള്‍, ധോത്തികള്‍ തുടങ്ങിയ കൈത്തറി വസ്ത്രങ്ങള്‍ 20 ശതമാനം ഗവ. റിബേറ്റോടെ മേളയില്‍ ലഭിക്കും. ഹാന്‍ടെക്സ് തുണിത്തരങ്ങള്‍ക്ക് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യവും ലഭിക്കും. മേളയില്‍ ആദ്യ വില്‍പ്പന കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് ജില്ലാ കളക്ടര്‍ എ. ഗീതക്ക് നല്‍കി നിര്‍വ്വഹിച്ചു. എ.ഡി.എം. എന്‍.ഐ ഷാജു, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാതമ്പി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, നഗരസഭാ കൗണ്‍സിലര്‍ ടി. മണി, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.എസ് കലാവതി വ്യവസായ കേന്ദ്രം മാനേജര്‍ രാഗേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.