വ്യത്യസ്ത മേഖലകളില്‍ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് വനിതാശിശു വികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന ആറ് മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പുരസ്‌കാരം. കുട്ടികളെ 6-11, 12-18 വയസ് എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിലെയും ഓരോ കുട്ടിക്ക് പുരസ്‌കാരവും 25000 രൂപയും നല്‍കും. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പുരസ്‌കാരത്തിന് പരിഗണിക്കും.
അപേക്ഷകര്‍ ഏതെങ്കിലും മേഖലയില്‍ കഴിവ് തെളിയിച്ചിരിക്കേണ്ടതും അംഗീകരിക്കപ്പെട്ടിരിക്കേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം എന്നിവയുടെ പകര്‍പ്പ്, പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കാം. 2021 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം ലഭിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ഉജ്ജ്വലബാല്യം പുരസ്‌കാരം, കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്സെപ്ഷണല്‍ അച്ചീവ്‌മെന്റ് കരസ്ഥമാക്കിയ കുട്ടികള്‍ പുരസ്‌കാരത്തിന് അര്‍ഹരല്ല. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍: 0491 2531098.