മലബാറിലെ ഓണാഘോഷത്തിന് ആരവമുയർത്താൻ ഫറോക്ക് ചാലിയാറിൽ സംഘടിപ്പിക്കുന്ന ജലോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് ജില്ലാ കലക്ടർ ഡോ എൻ. തേജ് ലോഹിത് റെഡ്ഢി. ജലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടർ.

സെപ്റ്റംബർ 10ന്  നടക്കുന്ന ചാമ്പ്യൻസ് സ്പോർട്സ് ലീഗ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വള്ളംകളിയിൽ ഒൻപത്   ചുരുളൻ വള്ളങ്ങളാണ് മത്സരിക്കുക. ഓരോ വള്ളത്തിലും 30 പേർ വീതമുണ്ടാകും. മൂന്നു തലത്തിലായാണ് മത്സരം നടക്കുക.

വള്ളംകളി പുതിയ പാലത്തിൽ നിന്ന് തുടങ്ങി പഴയ പാലത്തിൽ അവസാനിക്കും. ജലോത്സവത്തിന്റെ ഭാഗമായി പ്രാദേശികതലത്തിൽ വള്ളംകളിയും കയാക്കിങ്ങും സംഘടിപ്പിക്കും. ചാലിയാറിന്റെ ഇരുകരകളിലുമായി കാണികൾക്ക് മത്സരം വീക്ഷിക്കുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കും. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടം,ഡിടിപിസി എന്നിവയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക.

ഫറോക്ക് നഗരസഭ ചെയർമാൻ എൻ സി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി. ജി അഭിലാഷ് കുമാർ വിശദീകരണം നടത്തി. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. പി മനോജ് കമ്മിറ്റി പാനൽ അവതരിപ്പിച്ചു. ഡിടിപിസി സെക്രട്ടറി നിഖിൽദാസ് സ്വാഗതവും ഫറോക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സമീഷ് നന്ദിയും പറഞ്ഞു.