കോട്ടയം: ഓണാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ ഓണം വിപണന മേളയ്ക്കും വ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംരംഭക ഉൽപന്ന വിപണന മേളയായ ഓണം എക്സ്പോയ്ക്കും തുടക്കം. തിരുനക്കര മൈതാനത്ത് നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിന്ധു ജയകുമാർ, വ്യവസായ വകുപ്പ് ജനറൽ മാനേജർ എം.വി. ലൗലി, വ്യവസായകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ വി.ആർ രാഗേഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, സി.ഡി.എസ് ചെയർപേഴ്സൺമാരായ അജിത ഗോപകുമാർ, പി. ജി. ജ്യോതിമോൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള കുടുംബശ്രീ സി.ഡി.എസ് കൂട്ടായ്മകളുടെയും സ്വയം സംരംഭകരുടെയും ചെറുകിട വ്യവസായ യൂണിറ്റുകളുടെയും ഉൽപന്നങ്ങളാണ് കോട്ടയം നഗരത്തിലെ ഓണം വിപണന മേളയിൽ എത്തിച്ചു വിൽക്കുന്നത്. പേപ്പർ ബാഗുകളും തുണി സഞ്ചികളും മുതൽ സോളാർ ഉപകരണങ്ങളും ഇലക്ട്രിക്കൽ ഉപകരണങ്ങളും വരെ മേളയിലുണ്ട്. എസ്.ടി. വിഭാഗം യൂണിറ്റുകളിൽനിന്നും പരമ്പരാഗത രീതിയിൽ നിർമിച്ച കൊട്ട, മുറം, തവി, മീൻകൂട, പൂക്കൊട്ട, ചൂൽ എന്നിവ വിൽക്കുന്ന സ്റ്റാളുകളും നാടൻ പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന സ്റ്റാളുകളും പ്രവേശന കവാടത്തിൽ തന്നെ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകളും ചെറുകിട സംരംഭകരും ഉത്പാദിപ്പിച്ച ഉപ്പേരികളും കറിപ്പൊടികളും ധാന്യപ്പൊടികളും കാപ്പിപ്പൊടിയും ചക്കപ്പൊടി ഉപയോഗിച്ച് കൊണ്ടുള്ള പുട്ടുപൊടിയും ദോശമാവും പാസ്തയുമെല്ലാം മേളയിൽ ലഭ്യമാണ്. ഫാൻസി ആഭരണങ്ങൾ, സ്‌കൂൾ-ഓഫീസ് ഉപയോഗത്തിനുള്ള ബാഗുകൾ എന്നിവ വിൽപനയ്ക്കുണ്ട്. കറിക്കത്തികളും വീട്ടുപകരണങ്ങളും വിൽക്കുന്ന സ്റ്റാൾ, പുൽത്തൈലം, യൂക്കാലിതൈലം ലോഷനുകൾ, നാടൻ തേൻ എന്നിവയെല്ലാം ലഭിക്കുന്ന സ്റ്റാളുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ നാല് വരെയാണ് മേള സംഘടിപ്പിക്കുന്നത്.