കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റിങ്, പബ്ലിക് ഹിയറിങ് എന്നിവ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതുജനങ്ങളെ അറിയിക്കുക, അഭിപ്രായം അറിയിക്കാന്‍ അവസരം ഒരുക്കുക, പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചത്. കാഞ്ചിയാര്‍ സാംസ്‌കാരിക നിലയത്തില്‍ നടത്തിയ ഹിയറിങ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം. ടി ഉദ്ഘാടനം ചെയ്തു. സ്ഥായിയായ ആസ്തികള്‍ ഉണ്ടാക്കിയെടുത്തുകൊണ്ടും വിദഗ്ദ്ധരായ തൊഴിലാളികളെ വാര്‍ത്തെടുത്തുകൊണ്ടും തൊഴിലുറപ്പ് പദ്ധതിയെ നല്ല രീതിയില്‍ മുന്‍പോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ ജോസുകുട്ടി മാത്യു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് റിസോര്‍സ് പേഴ്‌സണ്‍ ആശാ പി. ജി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 21 ഒക്ടോബര്‍ മുതല്‍ 22 മാര്‍ച്ച് വരെയുള്ള ആറു മാസത്തെ റിപ്പോര്‍ട്ട് ആണ് അവതരിപ്പിച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പിലാക്കുന്ന എല്ലാ പ്രവര്‍ത്തികളും പൊതുജന പങ്കാളിത്തത്തോടെ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണം. പദ്ധതി പ്രവര്‍ത്തനത്തെപ്പറ്റിയും പണം ചെലവഴിക്കുന്നതിനെ പറ്റിയും പൗരസമൂഹം നടത്തുന്ന പരസ്യവും സ്വതന്ത്രവുമായ പരിശോധനയാണ് സോഷ്യല്‍ ഓഡിറ്റ്. തൊഴിലുറപ്പ് പദ്ധതിയില്‍ അഴിമതിക്ക് ഇട നല്‍കാതെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുകയാണ് സോഷ്യല്‍ ഓഡിറ്റിലൂടെ ലക്ഷ്യമിടുന്നത്. പ്രവര്‍ത്തി ഫയല്‍ പരിശോധന, ഫീല്‍ഡ് സന്ദര്‍ശനം, തൊഴിലാളികളുമായുള്ള അഭിമുഖം, എം.ഐ.എസ് പരിശോധന എന്നിവയെ അടിസ്ഥാനമാക്കിയാണ് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.