ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മതിയായ താല്‍ക്കാലിക ശൗചാലയങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നിര്‍ദേശ പ്രകാരം പഞ്ചാത്ത് ഡെപ്യുട്ടി ഡയറക്ടര്‍ പി.എന്‍. അബൂബക്കര്‍ സിദ്ധിക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.  പല ക്യാമ്പുകളിലും മതിയായ ശൗചാലയ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് താല്‍ക്കാലിക ശൗചാലയങ്ങള്‍ ഒരുക്കുന്നത്.
പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്നോ, തനതു ഫണ്ട് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വികസന ഫണ്ടില്‍ നിന്നോ ഇതിനുള്ള തുക കണ്ടെത്താമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതിയായ ശൗചാലയ സൗകര്യം ഒരുക്കാത്തപക്ഷം അത് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാരുടെ വീഴ്ചയായി കണ്ട് നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു.