കല്‍പ്പറ്റ: എലിപ്പനിയെ പ്രതിരോധിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) മുന്നറിയിപ്പ് നല്കി. മഴക്കെടുതിയില്‍ ചളിവെള്ളത്തില്‍ ഇറങ്ങിനടക്കേണ്ടിയോ നീന്തേണ്ടിയോ വന്നവര്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ (ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, യുവജന സംഘടന പ്രവര്‍ത്തകര്‍), ക്യാമ്പില്‍ കഴിഞ്ഞവര്‍ എന്നിവര്‍ക്ക് എലിപ്പനി വരാനുള്ള സാധ്യത കൂടുതലാണ്. വെള്ളപ്പൊക്ക കെടുതി മാറുമ്പോള്‍ രോഗങ്ങള്‍ പടരാതിരിക്കാന്‍ പ്രത്യേകം മുന്‍കരുതല്‍ ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആദ്യം പ്രതീക്ഷിക്കുന്ന ഏറ്റവും അപകടകാരിയായ രോഗം എലിപ്പനിയാണ്. ഇതു പ്രതിരോധിക്കാന്‍ മേല്പറഞ്ഞ എല്ലാവരും പ്രതിരോധ ഗുളികകള്‍ നിര്‍ബന്ധമായും കഴിച്ചുവെന്ന് ഉറപ്പുവരുത്തണം.
1. എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കേണ്ട രീതി:
മുതിര്‍ന്നവര്‍- 200 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ (100 മില്ലിഗ്രാമിന്റെ രണ്ടു ഗുളികകള്‍) ഒരു തവണ, എട്ടു വയസ്സിന് മുകളിലുള്ള കുട്ടികള്‍- 100 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ ഒരു ഡോസ്, എട്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍- അസിത്രോമൈസിന്‍ 250 മില്ലിഗ്രാം ഒരു ഡോസ്, ഗര്‍ഭിണികള്‍- അമോക്സിസില്ലിന്‍ 500 മില്ലിഗ്രാം ടാബ്ലറ്റ് മൂന്നു നേരം വീതം അഞ്ചു ദിവസം.
2. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ഈ മരുന്നുകള്‍ ആരോഗ്യവകുപ്പ് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കുമ്പോള്‍ ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുക. കഴിക്കുമ്പോള്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. കഴിച്ച ഉടനെ കിടക്കരുത്. കൂടുതല്‍ ദിവസങ്ങളില്‍ ചളിവെള്ളത്തിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ഇറങ്ങേണ്ടിവന്നാല്‍ ഡോക്സിസൈക്ലിന്‍ ഗുളിക ആഴ്ചയില്‍ 200 മില്ലിഗ്രാം വീതം ആറ് ആഴ്ച വരെ പരമാവധി കഴിക്കാം. കുട്ടികള്‍ അസിത്രോമൈസിന്‍ ഗുളികകള്‍ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പ് കഴിക്കണം.