വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി ജില്ലാ ഭരണകൂടം പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഒരു കാരണവശാലും രാത്രിയില്‍ വീട്ടിലേക്ക് പോവരുതെന്നു അധികൃതര്‍ നിര്‍ദേശിച്ചു. വീടിനകത്ത് പാമ്പ് മുതല്‍ ഗ്യാസ് ലീക്കേജ് വരെ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണിത്.

1. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം.
2. വീട്ടിലേക്ക് ഒറ്റയ്ക്കു മടങ്ങരുത്.
3. മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോ പേര്‍ ഒരുമിച്ചു പോവണം.
4. ആദ്യമായി തിരികെ പോവുമ്പോള്‍ കുട്ടികളെ കൊണ്ടുപോവരുത്.
കുട്ടികള്‍ക്ക് മാനസികാഘാതം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണിത്.
5. ചുറ്റുമതിലിനും വീടിന്റെ ഭിത്തിക്കും ബലക്ഷയമുണ്ടെങ്കില്‍ ഇവ തകര്‍ന്നു വീഴാനുള്ള സാധ്യത മുന്‍കൂട്ടി മനസ്സിലാക്കണം.
അതിനാല്‍ തള്ളിത്തുറക്കാന്‍ ശ്രമിക്കരുത്.
6. വിഷവാതകങ്ങളും രോഗാണുക്കളും ധാരാളമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മാസ്‌കോ തോര്‍ത്തോ ഉപയോഗിച്ച് മൂക്ക് മറയ്ക്കുക.
കൈയുറകള്‍ ധരിക്കുന്നതും നല്ലതാണ്.
7. വീടിനകത്ത് കടക്കും മുമ്പ് മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണം.
8. വീട്ടില്‍ കയറിയ ഉടനെ ലൈറ്റര്‍, സിഗററ്റ്, മെഴുകുതിരി എന്നിവയൊന്നും കത്തിക്കരുത്.
9. എല്ലാ വൈദ്യുതോപകരണങ്ങളുടെയും പ്ലഗ് ഊരിയിടുക.
10. പരിസരത്ത് മൃഗങ്ങളുടെ ജഡങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത പ്രതീക്ഷിക്കണം.
11. മൃതദേഹങ്ങള്‍ കണ്ടാല്‍ തൊടാതെ പോലിസിനെ അറിയിക്കണം.