കാട്ടിക്കുളം: കലിതുള്ളി പെയ്ത കാലവര്‍ഷം തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യാപക നാശം വിതച്ചു. വനപ്രദേശങ്ങളോട് ചേര്‍ന്നുള്ള ആദിവാസി കോളനികളില്‍ താമസിക്കുന്നവരെയാണ് കാലവര്‍ഷം ഏറ്റവും കൂടുതല്‍ ബാധിച്ചത്. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് നൂറ് കണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കമ്പമലയിലുണ്ടായ ഉരുള്‍പൊട്ടല്‍ പോത്തുമൂല മാങ്ങാക്കൊല്ലിയില്‍ വ്യാപകനാശം വിതച്ചു. ഒഴുകിയെത്തിയ കല്ലും മണ്ണും സമീപത്തെ വയലുകളില്‍ ചെന്നടിഞ്ഞു. എന്‍.കെ. കൃഷ്ണന്റെ ഒരേക്കറോളം വരുന്ന നെല്ല്, വാഴക്കൃഷികള്‍ പൂര്‍ണമായും നശിച്ചു. സമീപത്തെ മറ്റുള്ളവരുടെ കൃഷിയിടങ്ങളിലേക്കും മണ്ണ് ഒഴുകിയെത്തിയിട്ടുണ്ട്.
നടുവന്താര്‍ പാലത്തിന്റെ കൈവരി മരം വീണ് തകര്‍ന്നു. കുണ്ടറ നടപ്പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി. അരമംഗലം, കൈക്കുളം, അരണപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ തോട് കരകവിഞ്ഞൊഴുകി സമീപത്തെ നെല്‍കൃഷി പൂര്‍ണമായും നശിച്ചു. ഭീഷണിയെ തുടര്‍ന്ന് നിട്ടറ, ചിന്നടി, കരിമം, കാജഗഡി, മാങ്ങൊക്കൊല്ലി, അയ്യപ്പന്‍മൂല, ആക്കൊല്ലിക്കുന്ന് പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അരമംഗലം, അഞ്ചുപൊതി പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മണ്ണും വീടുകളും ഭൂമിയില്‍ അമര്‍ന്നു പോകുന്നതാണ് നിട്ടറ കോളനി നിവാസികള്‍ക്ക് ഭീഷണിയാവുന്നത്. നിട്ടറയിലേക്ക് പോകാനായി കാളിന്ദിപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച താത്കാലിക മരപ്പാലം നിരവധി തവണ ഒഴുകിപ്പോയിരുന്നു. ഇവിടെയുള്ള സ്ഥിരംപാലം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഴുകിപ്പോയിരുന്നു. പാലം പുതുക്കി നിര്‍മിക്കുന്നതിനായി ഒ.ആര്‍. കേളു എം.എല്‍.എ ഇടപ്പെട്ട് പത്ത് കോടി അനുവദിച്ചിട്ടുണ്ട്. ഇവിടെ സ്ഥിരം പാലം നിര്‍മ്മിക്കാനുള്ള താമസത്താലാണ് താത്ക്കാലിക മരപ്പാലം നിര്‍മിച്ചത്. മരപ്പാലം ഒഴുകിപ്പോയതോടെ ഒറ്റപ്പെട്ട നിരവധി കുടുംബങ്ങളെ കഴിഞ്ഞ ദിവസം രാത്രിയാണ് മാനന്തവാടി ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തിയത്. കാളിന്ദിപ്പുഴയുടെ കുത്തൊഴിക്കിനെ പ്രതിരോധിച്ച് പുഴക്കരയിലെ മരത്തില്‍ വടം കെട്ടിയാണ് പ്രായമായവര്‍, കുട്ടികള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ ജീവന്‍ രക്ഷിച്ചത്. ഭൂമി അമര്‍ന്നു പോകുന്നതിനാല്‍ ക്യാമ്പ് വിട്ടൊഴിഞ്ഞ് പോയാലും കുടുംബങ്ങള്‍ക്ക് ഇവിടെ താമസിക്കാന്‍ പ്രയാസമാവും. തിരുനെല്ലി എസ്.എ.യു.പി സ്‌കൂള്‍, തോല്‍പ്പട്ടി സി.എ.എല്‍.പി സ്‌കൂള്‍, അരണപ്പാറ ഡി.സി.എം.എല്‍.പി സ്‌കൂള്‍, അരണപ്പാറ ഗവ. എല്‍.പി സ്‌കൂള്‍, തിരുനെല്ലി ഡി.ടി.പി.സി ഫെസിലിറ്റേഷന്‍ സെന്റര്‍, തിരുനെല്ലി വനസംരക്ഷണ സമിതി ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലാണ് വീട് വിട്ടൊഴിഞ്ഞെത്തിയവര്‍ക്ക് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്.
