വെള്ളപ്പൊക്കത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി രക്ഷപ്പെടുത്തുന്നതിന് സഹായകമായ ടാക്കിയോണ്‍ എസ്ഒഎസ്(tachyon care) കേരള ഫ്‌ളഡ് റസ്‌ക്യു എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്റെ സേവനം  പത്തനംതിട്ട ജില്ലയില്‍ ലഭ്യമാക്കി. ജില്ലയിലെ പ്രളയ ദുരിതാശ്വാസ നടപടികളുടെ സ്‌പെഷല്‍ ഓഫീസര്‍ എസ്. ഹരികിഷോര്‍, ജില്ലാ കളക്ടര്‍ പി.ബി. നൂഹ് എന്നിവരുടെ ശ്രമഫലമായാണ് ആപ്ലിക്കേഷന്‍ സംസ്ഥാനത്ത് ആദ്യമായി ജില്ലയില്‍ നടപ്പാക്കിയത്. ഒറ്റപ്പെട്ടു പോയവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എന്താണെന്ന് തിരിച്ചറിഞ്ഞ് അധികൃതരെ അറിയിക്കുന്നതിനും ആപ്പ് സഹായകമാണ്. ജില്ലയില്‍ പ്രളയക്കെടുതിക്ക് ഇരയായി രക്ഷപെടുത്താന്‍ അവശേഷിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് പ്രയോജനം ലഭിക്കുന്നതിന് ഈ ആപ്ലിക്കേഷന്‍ സഹായകമാകും.
അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ആരൊക്കെ കുടുങ്ങി കിടപ്പുണ്ടെന്ന വിവരം രക്ഷാപ്രവര്‍ത്തനത്തിനു പോകുന്നവര്‍ക്ക് ലഭ്യമാക്കാന്‍ ഈ ആപ്പിലൂടെ കഴിയും. വെള്ളപ്പൊക്ക കെടുതിക്കിരയായ കേരളത്തിലെ ജനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും ഏറെ സഹായകമാകുന്ന വിധത്തിലാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ആര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളുടെ അതിവേഗ ഉപയോഗത്തിനായി രൂപപ്പെടുത്തിയിട്ടുള്ളതാണ് ഈ ആപ്പ്.
ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ സ്ഥലം സംബന്ധിച്ച ലൊക്കേഷന്‍ വിവരം ആപ്പില്‍ രേഖപ്പെടുത്താം. തുടര്‍ന്ന് ഈ വിവരം മേഖല അനുസരിച്ച് ആപ്പ് വേര്‍തിരിക്കുകയും ഡാറ്റ തയാറാക്കുകയും ചെയ്യും. ഈ ഡാറ്റ ഓണ്‍ലൈന്‍ മുഖേന കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍ ലഭിക്കും. ഈ വിവരം കളക്ടറേറ്റില്‍ നിന്ന് എയര്‍ഫോഴ്‌സിന് കൈമാറും. ഇതുപ്രകാരം ഉടന്‍ തന്നെ കുടുങ്ങി കിടക്കുന്നയാളെ ഹെലികോപ്ടറെത്തി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയോ, ഭക്ഷണം ലഭ്യമാക്കുകയോ ചെയ്യും. ഒറ്റപ്പെട്ടുപോയവരെ വേഗം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഈ ആപ്പ് സഹായകമാണ്. യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടാക്കിയോണ്‍ എന്ന സ്ഥാപനം നിര്‍മിച്ചതാണ് ഈ ആപ്പ്.  ഇന്റര്‍നെറ്റ് കണക്ഷന്‍ ഫോണില്‍ ഇല്ലാത്തപക്ഷം 1070, 1074, 1077 എന്നീ എമര്‍ജന്‍സി നമ്പരുകളിലേക്ക് ഫോണ്‍ വിളിച്ച് അടിയന്തിര സാഹചര്യം അറിയിക്കുന്നതിനുള്ള സംവിധാനവും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.