ഓണംവാരാഘോഷത്തിന് എത്തുന്നവരെ സഹായിക്കാനായി ഇത്തവണ പരിശീലനം സിദ്ധിച്ച 250 വോളന്റിയര്‍മാരുമുണ്ടാകും. ഇതാദ്യമായാണ് ഓണംവാരാഘോഷത്തിന് പരിശീലനം നേടിയ വോളന്റിയര്‍മാരെ രംഗത്തിറക്കുന്നത്. ഇതിനായി എ.എ.റഹീം എം.പിയുടെ നേതൃത്വത്തില്‍ പ്രത്യേകം സബ് കമ്മിറ്റി രൂപീകരിക്കുകയും ജില്ലയിലെ വിവിധ കോളേജുകളിലെ എന്‍. എസ്. എസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് വിഭാഗങ്ങളിലെ 250 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഇവര്‍ക്കുള്ള പരിശീലനം തൈക്കാട് കിറ്റ്‌സ് ഇന്റര്‍നാഷണല്‍ ട്രെയിനിങ് സെന്ററില്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

പുതിയ തലമുറയെക്കൂടി ഓണാഘോഷത്തിന്റെ ഭാഗമാക്കിയതോടെ ഓണംവാരാഘോഷത്തിന് കൂടുതല്‍ ജനകീയ മുഖം കൈവന്നുവെന്ന് മന്ത്രി പറഞ്ഞു. ചെറിയൊരു ഇടവേളക്ക് ശേഷം നടക്കുന്ന ഓണം വാരാഘോഷത്തിന് വന്‍ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ അതിഥികളായെത്തുന്ന ജനങ്ങള്‍ക്ക് സമര്‍പ്പണ മനോഭാവത്തോടെ വേണ്ട സഹായങ്ങള്‍ ചെയ്യാനാണ് വോളന്റിയര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വോളന്റിയര്‍മാര്‍ക്കുള്ള ജെഴ്സി പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. വോളന്റിയര്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ എ.എ.റഹീം എം.പി ചടങ്ങില്‍ അധ്യക്ഷനായിരുന്നു.