അകലാപ്പുഴയുടെ ഓളങ്ങളിൽ ഇനി പെഡൽബോട്ടും. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റന്റ് ടു ഫിഷർ വുമൺ തീരമൈത്രി പദ്ധതി പ്രകാരം അഞ്ച് വനിതകൾ ചേർന്ന് സ്വയം തൊഴിൽ സംരംഭമായാണ് പദ്ധതി ആരംഭിക്കുന്നത്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ടൂറിസം മേഖലക്ക് പദ്ധതി വലിയ മുതൽക്കൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി നൗഷീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

ഒളോപ്പാറ മുക്കത്ത്ബണ്ട് എന്ന സ്ഥലത്ത് അകലാപ്പുഴയുടെ തടാകം മാതൃകയിലുള്ള ഭാഗത്താണ് പെഡൽ ബോട്ട് സർവീസ് ആരംഭിച്ചത്. സൊസൈറ്റി ഫോർ അസിസ്റ്റന്റ് ടു ഫിഷർ വുമൺ പദ്ധതി പ്രകാരം സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം സംവിധാനം ഒരുങ്ങിയത്. അഞ്ച് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.
കണ്ണങ്കര – മക്കട ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളായ എം ഫാസില, എം നജ്ന, എം സംജിത, ടി. എം അർഫിത, പി. എം ലിജയ കുമാരി എന്നിവരാണ് നടത്തിപ്പുകാർ.
ഗ്രാമപഞ്ചായത്ത് അംഗം പി. എം വിജയൻ, സാഫ് അസി. നോഡൽ ഓഫീസർ വി. സുനീർ, സാഫ് കോർഡിനേറ്റർ ഷിനോജ് കുമാർ, ഫിഷറീസ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ കെ. വിദ്യാധരൻ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.