കോവിഡ് കാലത്തെ അടച്ചിടലുകൾക്ക് ശേഷമെത്തിയ ഓണത്തെ ആവേശത്തോടെ വരവേറ്റ് കോഴിക്കോട്ടെ മാധ്യമപ്രവര്ത്തകര്. ജില്ലയിലെ ഓണഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും കാലിക്കറ്റ് പ്രസ്‌ക്ലബും സംയുക്തമായി നടത്തിയ ‘ഒന്നിച്ചോണം’ വിപുല പരിപാടികള്കൊണ്ട് ആവേശമായി. മലബാര് ക്രിസ്ത്യന് കോളേജിന് സമീപത്തെ ഐ.എം.എ ഹാളില് നടന്ന പരിപാടി ജില്ലാ കലക്ടര് ഡോ.എന് തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു. ഈ ഓണത്തിന് എല്ലാവരുടേയും മുഖത്ത് കാണുന്ന ചിരി ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്നും കുടുംബ, സുഹൃത്തുബന്ധ മൂല്യങ്ങള് അവരവരുടെ ജീവിതത്തില് ഉണ്ടാകണമെന്നും കലക്ടര് പറഞ്ഞു.
വിവിധ സ്ഥാപനങ്ങള് ഒരുക്കിയ പൂക്കളങ്ങള് സന്ദര്ശിക്കുകയും മാധ്യമപ്രവര്ത്തകര്ക്ക് ഓണാശംസ നേരുകയും ചെയ്തു കലക്ടര്
മാധ്യമപ്രവര്ത്തകര്ക്കും മാധ്യമ സ്ഥാപനങ്ങള്ക്കുമായി നടത്തിയ പൂക്കള മത്സരത്തില് ജനം ടി.വി ടീം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ന്യൂസ് ടാഗ് ലൈവ് ടീം രണ്ടാം സ്ഥാനവും ദേശാഭിമാനി ടീം മൂന്നാം സ്ഥാനവും നേടി. പൂക്കള മത്സരത്തില് 12 ടീമുകളാണ് മത്സരിച്ചത്. രാവിലെ ഒന്പതോടെ തുടങ്ങിയ പൂക്കളമിടല് 12 വരെ നീണ്ടുനിന്നു. പായസ പാചക മത്സരത്തില് മീഡിയ വണിലെ സോഫിയ ബിന്ദിന് ഒന്നാം സ്ഥാനവും സനോജ് ബേപ്പൂരിന് രണ്ടാം സ്ഥാനവും ലഭിച്ചു. ന്യൂസ് 18 ചാനലിലെ വിനീഷ് കുമാറിന്റെ ഭാര്യ സ്വാതി മൂന്നാം സ്ഥാനവും നേടി. 9 ടീമുകളാണ് പായസ പാചക മത്സരത്തില് പങ്കെടുത്തത്. ഓണസദ്യ കഴിച്ച് പാട്ടുകള്ക്കൊപ്പം നൃത്തമാടി കമ്പവലി മത്സരവുമായതോടെ മാധ്യമപ്രവര്ത്തകര് ഓണം കെങ്കേമമാക്കി.
ചടങ്ങില് വിജയികള്ക്കുള്ള സമ്മാനവിതരണം ജില്ലാ കലക്ടര് ഡോ.എന് തേജ് ലോഹിത് റെഡ്ഢി നിര്വഹിച്ചു. പി.ആര്.ഡി മേഖല ഡെപ്യൂട്ടി ഡയരക്ടര് കെ.ടി ശേഖര്, ജില്ലാ ഇന്ഫര്മേഷന് ഓഫീസര് കെ. ദീപ, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന്, സെക്രട്ടറി പി.എസ് രാകേഷ്, മറ്റുമാധ്യമപ്രവര്ത്തകര്, പത്രപ്രവര്ത്തക യൂണിയന് ഭാരവാഹികള് തുടങ്ങിയവര് നേതൃത്വം നല്കി.