ആഗസ്റ്റ് മാസം വരെ പൊതുമരാമത്ത് വിശ്രമ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയുടെ വരുമാനമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കഴിഞ്ഞ മാസം വരെ 53,000 പേർ വിശ്രമ കേന്ദ്രങ്ങൾ ഉപയോഗിച്ചതായും പീപ്പിൾസ് റസ്റ്റ് ഹൗസായി പൊതുമരാമത്ത് വിശ്രമകേന്ദ്രങ്ങളെ ഉയർത്തി, ഓൺലൈൻ ബുക്കിങ് ആരംഭിച്ചതോടെ ആയിരക്കണക്കിന് ജനങ്ങളാണ് അവ ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വെഞ്ഞാറമൂടിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ പുതിയ മന്ദിരത്തിന്റെയും ഫയർ ആൻഡ് റസ്‌ക്യു സർവീസസിന്റെ പുതിയ നിലയത്തിന്റെയും നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഏറെ ആശ്വാസപ്രദമായ വിശ്രമ കേന്ദ്രങ്ങൾ ജനങ്ങൾക്ക് ആത്മവിശ്വാസവും ധൈര്യവും നല്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുമരാമത്ത് വകുപ്പ് 2017 -18 ബജറ്റിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ചാണ് വെഞ്ഞാറമൂട് വിശ്രമ കേന്ദ്രം നിർമ്മിക്കുന്നത്. മൂന്ന് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ റെസ്റ്റോറന്റ്, ഓഫീസ്, ലോബി എന്നിവയുണ്ടാകും. ആഭ്യന്തരവകുപ്പ് 2019 – 20 ബജറ്റിൽ ഉൾപ്പെടുത്തി 2.60 കോടി രൂപ വിനിയോഗിച്ചാണ് ഫയർ ആൻഡ് റസ്‌ക്യു നിലയത്തിന്റെ പുതിയ മന്ദിരം നിർമ്മിക്കുന്നത്. 1082 ചതുരശ്ര അടി വിസ്തൃതിയിൽ ഇരുനില കെട്ടിടമാണ് പണിയുന്നത്. നാട് ഏറെ പ്രതീക്ഷിച്ചിരുന്നതും ഉപകാരപ്രദവുമായ രണ്ട് പദ്ധതികളാണ് ഇതോടെ നടപ്പാകുന്നത്.

കീഴായിക്കോണം സ്മിതാ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എ റഹീം എം.പി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, വൈസ് പ്രസിഡന്റ് എസ്. എം റാസി, ജില്ലാ പഞ്ചായത്ത് അംഗം കെ. ഷീലകുമാരി, ഫയർ ആൻഡ് റസ്‌ക്യു ഡയറക്ടർ ജനറൽ ബി. സന്ധ്യ, മറ്റ് രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.