പുനരധിവാസവും ക്ഷേമവും ഉറപ്പാക്കി മൽസ്യത്തൊഴിലാളി സമൂഹത്തെ ചേർത്തു നിർത്തിയാകും സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മത്സ്യത്തൊഴിലാളികൾക്കുള്ള പുനരധിവാസ ധനസഹായ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭവന നിർമാണം പൂർത്തിയാകുന്നതിന് സമയമെടുക്കുമെന്ന് നമുക്കെല്ലാം അറിയാം. അത് പൂർത്തീകരിക്കുന്നത് വരെ കുടുംബങ്ങൾ   ഇപ്പോൾ കഴിയുന്ന ക്യാമ്പുകളിൽ തന്നെ കഴിയേണ്ടി വരിക എന്നത് പ്രായോഗികമല്ല. അതിനുള്ള ഒരു ആശ്വാസം എന്ന നിലക്കാണ് വാടക വീട എടുക്കുന്നതിനാവശ്യമായ പണം സർക്കാർ നൽകുന്നത്. വീട്ടു വാടകയിനത്തിൽ എത്ര തുക നൽകേണ്ടതായി വരുമെന്നത് പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ തിരുവനന്തപുരം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ജില്ലാ കലക്ടറുടെ ശുപാർശയനുസരിച്ച് 5,300 രൂപയാണ് ഒരു കുടുംബത്തിന് വാടകയായി അനുവദിക്കേണ്ടത്. സർക്കാർ അത് 5,500 രൂപയായി നിജപ്പെടുത്തുകയായിരുന്നു.

ഫ്‌ളാറ്റുകൾ നിർമിച്ച് മത്സ്യതൊഴിലാളികളെ മാതൃകാപരമായി  പുനരധിവസിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.  ഈ മാതൃകയിലാകും തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾ.  പുതുതായി നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം കണ്ടെത്തിയത്  മൃഗസംരക്ഷണ വകുപ്പുമായി നടത്തിയ ചർച്ചയിലൂടെയാണ്. ഇങ്ങനെ കണ്ടെത്തിയ എട്ടേക്കർ ഭൂമിയോടൊപ്പം തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി സൗജന്യമായി നൽകിയ രണ്ട് ഏക്കർ ഭൂമിയിലും ഫ്‌ളാറ്റുകൾ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചു.  നമ്മുടെ മത്സ്യത്തൊഴിലാളികൾ പലഘട്ടങ്ങളിലും വലിയതോതിലുള്ള പ്രതിസന്ധികൾ നേരിടുന്നവരാണ്.

അർഹമായ ഈ തുക ഓരോ കുടുംബത്തിനും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുകയാണ്. ഇത് താത്കാലികമായ ഒരു സമാശ്വാസ പദ്ധതി മാത്രമേ ആകുന്നുള്ളു.  എല്ലാവരെയും കഴിയാവുന്നത്ര വേഗത്തിൽ പുനരധിവസിപ്പിക്കുക എന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്  ഇതിനായി യുദ്ധകാലടിസ്ഥാനത്തിലുള്ള  നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്.  പുനരധിവാസത്തിന്റെ ഭാഗമായി ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഭവനനിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന്  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള  സമിതി പ്രവർത്തനം വിലയിരുത്തും.

ഓഖി പോലെയുള്ള ദുരന്തങ്ങൾ സംഭവിച്ചു.  കാലാവസ്ഥയ്ക്ക് വലിയ തോതിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി

കടുത്ത പ്രത്യാഘാതങ്ങളാണ് നാടിനും നാട്ടുകാർക്കും അനുഭവിക്കേണ്ടിവരുന്നത്. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ ആഘാതം ഏറ്റുവാങ്ങേണ്ടി വരുന്നവർ മത്സ്യത്തൊഴിലാളികളാണ്. ഇത്തരം അവസ്ഥയിൽ മീൻ പിടിച്ച് ഉപജീവനം നടത്താൻ അവർക്ക് കഴിയുന്നില്ല. പലഘട്ടത്തിലും തൊഴിൽ നിഷേധിക്കപ്പെടുന്നു എന്നതാണ് വസ്തുത.

ഇത്തരം ഘട്ടത്തിൽ അത് മുൻകൂട്ടി കണ്ടുള്ള നടപടികൾ സർക്കാർ നേരത്തെ സ്വീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നമുക്ക് പരിഹരിക്കാവുന്നതല്ല. അത് ഒരു ആഗോള പ്രശ്‌നമാണ്. ഓഖി ദുരന്തം ഇവിടെ നേരിടേണ്ടിവന്ന സാഹചര്യത്തിൽ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സമാശ്വസിപ്പിക്കുന്നതിന് രാജ്യത്ത് തന്നെ ആദ്യമായി പാക്കേജ് പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.

മൽസ്യത്തൊഴിലാളികൾക്കൊപ്പം സർക്കാരുണ്ട് എന്ന സന്ദേശമാണ് നൽകിയത്. 72 വീടുകൾ പൂർണമായും 458 എണ്ണം ഭാഗികമായും തകർന്നു. പൂർണ്ണമായും തകർന്ന വീടുകൾ നിർമ്മിക്കുന്നതിന് സ്ഥലം അടക്കം കണ്ടെത്തി വീട് നിർമ്മിക്കേണ്ടതിന് 10 ലക്ഷം രൂപ ധനസഹായം നൽകുന്നതിന് ഏഴു കോടി 40 ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. മാറിതാമസിക്കാൻ തയാറായ 22 കുടുംബങ്ങൾ വേറെ ഭൂമിയിൽ വീടുകൾ നിർമ്മിച്ച് മാറി താമസിച്ചു കഴിഞ്ഞു. പൂർണ്ണമായും സർക്കാർ നിർദേശിച്ച രീതിയിൽ ഭവന നിർമ്മാണം പൂർത്തീകരിക്കുന്ന സ്ഥിതിയുണ്ടായി.

ഓഖി ദുരന്തത്തിൽ മരണപ്പെട്ടതും കാണാതായതുമായ 143 മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസത്തിനായി 14 കോടി രൂപ സർക്കാർ നീക്കിവെച്ചു. 2037 വരെ കുട്ടികളുടെ പഠനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

18 കുടുംബങ്ങൾക്ക് മുട്ടത്തറയിലും ബീമാപ്പള്ളിയിലും ഫ്‌ലാറ്റുകൾ അനുവദിച്ചു. ഒൻപത് കുടുംബങ്ങൾ സർക്കാരിന്റെ മറ്റ് ഭവന പദ്ധതികളുടെ ഗുണഭോക്താക്കളാണ്. ഇനിയും ശേഷിക്കുന്നവരെ പുതുതായി നിർമ്മിക്കുന്ന ഫ്‌ലാറ്റിലേക്ക് മാറ്റി താമസിപ്പിക്കും. ഭാഗികമായി വീട് നഷ്ടപ്പെട്ട 458 മത്സ്യത്തൊഴിലാളികളുടെ വീടുകളുടെ പുനരുദ്ധരിക്കുന്നതിന് രണ്ടുകോടി രൂപ അനുവദിച്ചു. ഇതോടൊപ്പം ഓഖി ദുരന്തത്തിൽ മരണപ്പെട്ടതും കാണാതായവരുടെയും കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മൂന്നുകോടി നാൽപ്പത്തിനാല് ലക്ഷം രൂപയാണ് അനുവദിച്ചത്. കടലിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുന്ന പദ്ധതിയാണ് പുനർ ഗേഹം.   2,450 കോടി രൂപയാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്. 276 ഭവന സമുച്ചയങ്ങൾ ഇതിനകം കൈമാറി. കൊല്ലത്ത് യുഎസ് കോളനിയിലെ 114 യൂണിറ്റുകൾ നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. പദ്ധതി പ്രകാരം മാറിതാമസിക്കാൻ തയ്യാറാണ് എന്ന് അറിയിച്ച 8,186 പേരിൽ 3382 പേർ പകരം ഭൂമി കണ്ടെത്തി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി. 1480 വ്യക്തിഗത ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി.

തീരദേശ വികസനത്തിന് 5,000 കോടി രൂപയുടെ പാക്കേജാണ് സർക്കാർ നടപ്പാക്കുന്നത്. തീരസംരക്ഷണം, ഹാർബർ നിർമാണം, മാർക്കറ്റ് നവീകരണം, പാർപ്പിടം, വിദ്യാഭ്യാസം ആരോഗ്യം ഇതെല്ലാം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ അതിശക്തമായ കടലാക്രമണം നേരിടുന്ന ചില പ്രത്യേക ഹോട്ട്‌സ്‌പോട്ടുകൾ കേരളത്തിലുണ്ട്. അവയെല്ലാം കണ്ടെത്തി അവിടങ്ങളിൽ ആവശ്യമായ സംരക്ഷണ നടപടി സ്വീകരിക്കും.

          സർക്കാരിനെതിരെ തെറ്റായ പ്രചരണം നടത്തുന്നവർക്കുള്ള മറുപടിയാണ് മൽസ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രാതിനിധ്യമുള്ള നിറഞ്ഞ സദസ്സെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ആന്റണി രാജു, ജി. ആർ. അനിൽ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. എസ്. ശ്രീനിവാസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.