തിരുവനന്തപുരം തോന്നയ്ക്കലിൽ കെ.എസ്.ഐ.ഡി.സി നടപ്പാക്കുന്ന ലൈഫ് സയൻസ് പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന് 128.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) 300.17 കോടി രൂപ അനുവദിച്ചതായി വ്യവസായ, കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. ആദ്യഘട്ട വികസനത്തിനായി ഇതിനകം 75 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
ബയോ-ടെക്‌നോളജി രംഗത്ത് വൻകുതിച്ചുചാട്ടം ലക്ഷ്യമാക്കി ജീവശാസ്ത്രവും ജൈവ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുള്ള പഠന ഗവേഷണ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ചേർന്ന ബഹുമുഖസംരംഭമാണ് ലൈഫ് സയൻസ് പാർക്കിലെ 200 ഏക്കറിലായി ഒരുങ്ങുന്നത്.
അഞ്ഞൂറ് കോടി രൂപ മുതൽമുടക്കിൽ സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കാനുള്ള തീരുമാനം ഇതിനകം സർക്കാർ എടുത്തിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിനായി പാർക്കിൽ നീക്കിവച്ച 50 ഏക്കർ ഭൂമിയിൽ 78000 ചതുരശ്രഅടി വിസ്തീർണ്ണമുള്ള കെട്ടിട സമുച്ചയമാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്‌നോളജി (SCIMST)- കെ.എസ്.ഐ.ഡി.സി സംയുക്ത സംരംഭമായ, 180 കോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്ന ‘മെഡ്‌സ് പാർക്കിനും’ ഉടൻ തുടക്കമാകും. മെഡിക്കൽ ഡിവൈസസ് രംഗത്ത് സംസ്ഥാനത്തിനു വലിയ നേട്ടമുണ്ടാക്കുന്ന ഒന്നായിരിക്കും ഇത്. പദ്ധതിക്ക് ആവശ്യമായ വെള്ളം, വൈദ്യുതി എന്നീ സൗകര്യങ്ങൾ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. റോഡ്, ഡ്രയിനേജ് എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും തയാറായി.
ബയോടെക്‌നോളജി രംഗത്തെ ഇൻക്യുബേഷൻ, റിസർച്ച്, പൈലറ്റ് മാനുഫാക്ച്ചറിംഗ് എന്നീ ആശ്യങ്ങൾക്കായി 3 ലക്ഷം ചതുരശ്രഅടി വരുന്ന മറ്റൊരു കെട്ടിട സമുച്ചയം ഒരുക്കാനും ഉദ്ദേശിക്കുന്നു. ഉന്നതതല പഠന ഗവേഷണത്തിനായി കേരള വെറ്റിനറി ആന്റ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി (KVAS)യുടെ മെഡിക്കൽ ഡയഗ്‌നോസ്റ്റിക് ഫെസിലിറ്റി സെന്ററിനായുള്ള കെട്ടിട നിർമ്മാണം പാർക്കിൽ പൂർത്തിയായി.
ഒന്നാംഘട്ട വികസന ഭാഗമായി 500 കോടി മുതൽമുടക്ക് വരുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്നും ഇതിലൂടെ പ്രത്യക്ഷമായി 1000ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.