ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും നടത്തുന്ന ഓണം വാരാഘോഷം സുൽത്താൻ ബത്തേരിയിൽ തുടങ്ങി. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി പരിസരത്ത് നിന്ന് ബത്തേരി ട്രാഫിക്ക് ജംഗ്ഷൻ വരെ കർണാടക കലാകാരന്മാർ ഒരുക്കിയ സിധി ധമാൽ ഡാൻസ് വിളംബരമായി നടത്തിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. കേരളത്തിൻ്റെ തനത് കലയായ തിരുവാതിരക്കളി സുൽത്താൻ ബത്തേരി ടൗണ്‍ സ്‌ക്വയര്‍ റെസിഡന്‍സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ അരങ്ങിൽ നടന്നു. ഭാരത് ഭവൻ്റെ നേതൃത്വത്തിൽ സൗത്ത് സോൺ കൾച്ചറൽ സെൻട്രലിൻ്റെ സഹകരണത്തോടെ ഇന്ത്യ വസന്തോത്സവവും ടൗൺഹാളിൽ അരങ്ങേറി.
ജമ്മു കാശ്മീർ , ഹരിയാന, മഹാരാഷ്ട്ര, കർണാടക രാജസ്ഥാൻ എന്നിവിടങ്ങളിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാരൂപങ്ങളാണ് ഇന്ത്യൻ വസന്തോത്സവത്തിൽ അവതരിപ്പിച്ചത്. വാരാഘോഷത്തിൻ്റെ ഭാഗമായി കാഴ്ചക്കാരെ
നൃത്ത ചുവടുകളുമായി വിസ്മയിപ്പിച്ച് സെൻഹ സിദ്ധിഖിൻ്റെ ക്ലാസിക്കൽ ഡാൻസും മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. മൂന്ന് ദിവസങ്ങളിലായാണ് സുൽത്താൻ ബത്തേരിയിൽ വാരാഘോഷ പരിപാടികൾ നടക്കുക.
ഇന്ന് (വെള്ളി) വൈകിട്ട് 6 മണിക്ക് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പൽ ടൗണ്‍ ഹാളിൽ വെച്ച് സി.വി പ്രശാന്തും സംഘവും അവതരിപ്പിക്കുന്ന ബാന്‍സുരി, ഉണര്‍വ് നാടന്‍ കലാകേന്ദ്രം ഒരുക്കുന്ന നാടന്‍പാട്ട്, കലാമണ്ഡലം അമൃതയും ശ്രീലക്ഷ്മിയും ചേർന്ന് അവതരിപ്പിക്കുന്ന കൂടിയാട്ടം എന്നിവയും നാളെ (ശനി) രാവിലെ 9 മണി മുതൽ സുൽത്താൻ ബത്തേരി ടൗൺ സ്ക്വയറിൽ വെച്ച് കുട്ടികള്‍ക്കുള്ള വിവിധ കലാ-കായിക മത്സരങ്ങളും പൂക്കള മത്സരവും വടംവലിയും നടക്കും.
സെപ്തംബർ 6ന് മാനന്തവാടിയിൽ തുടങ്ങിയ വാരാഘോഷ പരിപാടി സെപ്തംബർ 11 ന് കൽപ്പറ്റയിൽ സമാപിക്കും .സമാപന സമ്മേളനം സെപ്റ്റംബര്‍ 10 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.