തിരുവോണനാളില്‍ നിശാഗന്ധിയില്‍ കാവ്യ – സംഗീത മഴ പൊഴിച്ച് മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കടയുടെ പോയട്രീ ഷോ. മുരുകന്‍ കാട്ടാക്കടയുടെ കവിതകളുടെ ദൃശ്യാവിഷ്‌കാരവും അനുഷ്ഠാന കലകളും നാടകവും മ്യൂസിക്കല്‍ ഫ്യൂഷനും ഉള്‍പ്പെടുത്തിയ പോയട്രീ ഷോ ആസ്വാദകര്‍ക്ക് നവ്യാനുഭമായി. നൂറോളം കലാകാരന്മാരാണ് ഷോയില്‍ അണിനിരന്നത്. മലയാളത്തിലെ പ്രിയ കവികള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ആമുഖ ഗാനത്തോടെയാണ് ഷോ തുടങ്ങിയത്. സംഗീതസംവിധായകന്‍ ബിജിപാൽ അണിയിച്ചൊരുക്കിയ ആമുഖ ഗാനത്തിന്  പിന്നാലെയെത്തിയ മുരുകന്‍ കാട്ടാക്കട തന്റെ കവിതകളിലൂടെ സദസിനെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. കവിതകൾ കൊണ്ട് മാത്രം മണിക്കൂറുകളോളം  പിടിച്ചിരുത്താമെന്നതിന്  തെളിവായിരുന്നു നിറഞ്ഞ സദസ്സും നിലക്കാത്ത കരാഘോഷവും. വയലിന്‍, വീണ, കീ ബോര്‍ഡ് തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു ഷോ നടന്നത്.

ഇതിന് പുറമെ വൈകുന്നേരം ഏഴിന് ശംഖുമുഖത്ത് ഊരാളിയുടെ സംഗീതപരിപാടിയും, ഏഴിന് പൂജപ്പുരയില്‍ മാര്‍ക്കോസിന്റെയും സംഘത്തിന്റെയും ഗാനമേളയും ആറുമുതല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജീവന്‍ ടിവി പൊന്നോണ തിളക്കം മെഗാഷോയും വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ ഏഴുമുതല്‍ അലോഷിയുടെ ഗസലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ പാരീസ് ലക്ഷ്മിയും സംഘവും അവതരിപ്പിച്ച ഡാന്‍സും ശ്രദ്ദേയമായി.

ഓണംവാരാഘോഷത്തിന്റെ നാലാം ദിവസമായ ഇന്ന് (സെപ്തംബര്‍ 9 ) യുവത്വത്തിന്റെ ഹരമായ തൈക്കുടം ബ്രിഡ്ജിന്റെ സംഗീത പ്രകടനത്തിന് വൈകുന്നേരം 07.15 മുതല്‍ നിശാഗന്ധി സാക്ഷ്യംവഹിക്കും. ന്യൂജെന്‍ മുഖമുദ്ര നേടിയ വിവിധ ശൈലികളിലെ വ്യത്യസ്ത ഭാഷയിലുള്ള ഗാനങ്ങള്‍  കോര്‍ത്തിണക്കി സംഗീതത്തിന്റെ മാസ്മരിക വിരുന്നൊരുക്കാന്‍ 15 അംഗ സംഘമാണ് എത്തുന്നത്. ഇതിന് പുറമെ നിശാഗന്ധിയില്‍ ശബ്നം റിയാസ് നയിക്കുന്ന സൂഫി ഖവാലി നൈറ്റുമുണ്ടാകും.