എല്ലാ പൊതുവിതരണ കേന്ദ്രങ്ങളിലും സപ്ലൈകോ , മാവേലി സ്റ്റോറുകള്‍ എന്നിവടങ്ങളിലും ആവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാണെന്നും നിലവില്‍ ജില്ല മഴക്കെടുതി നേരിട്ടെങ്കിലും ഭക്ഷ്യധാന്യങ്ങള്‍ക്ക് ക്ഷാമം നേരിടുന്നില്ലെന്നും സപ്ലൈകോ റീജിനല്‍ മാനെജര്‍ അറിയിച്ചു.
വിപണിയില്‍ വിലനിയന്ത്രണം ഉറപ്പാക്കാന്‍ കൃത്യമായ പരിശോധന സിവില്‍ സപ്ലൈസ് അധികൃതര്‍ നടത്തുന്നുണ്ട്. അനധികൃതമായി സാധനങ്ങള്‍ക്ക് വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ജില്ലയില്‍ കന്നുകാലികള്‍ ചത്തതു മൂലം പാലുല്‍പാദന മേഖലയില്‍ അഞ്ചു ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും പാലുത്പാദനം പുനസ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ക്ഷീരവികസന ഓഫീസര്‍ അറിയിച്ചു.
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷ്യധാന്യ വിതരണവും കാര്യക്ഷമമാണ്. ജില്ലാ സപ്ലൈ ഓഫീസ് മുഖേന 10,000 കിലോയിലേറെ ഭക്ഷ്യധാന്യങ്ങളാണ് ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്തത്. അരി, പയറുവര്‍ഗങ്ങള്‍ , പലവ്യഞ്ജനങ്ങള്‍, പഞ്ചസാര തുടങ്ങിയവയാണ് സപ്ലൈകോ ദുരിതാശ്വാസ ക്യാംപുകളിലെത്തിച്ചത്. റവന്യൂ അധികൃതരുടെ നിര്‍ദ്ദേശാനുസരണം ആവശ്യപ്പെട്ട അളവിലുള്ള ധാന്യങ്ങള്‍ ക്യാംപുകളിലെത്തിക്കുന്നുണ്ട്.