മൊബൈല്‍ടവര്‍ , റോഡ് പുനസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നു
 ആര്‍.എ.എഫ്, വോളണ്ടിയര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന 250 അംഗസംഘം നെല്ലിയാമ്പതിയിലെ റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ പ്രദേശത്ത് ഭക്ഷ്യധാന്യങ്ങളടങ്ങുന്ന 20 കിലോയുടെ 200 ബാഗുകള്‍ തലച്ചുമടായി ഇന്നും(ആഗസ്റ്റ് 20-ന്)  എത്തിച്ചതായി  ചിറ്റൂര്‍ തഹസില്‍ദാര്‍ രമ അറിയിച്ചു.  ഫയര്‍ഫോഴ്‌സ് അധികൃതരും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. . ചിറ്റൂര്‍ താലൂക്ക് ഓഫീസിലെ 10-ഓളം ജീവനക്കാര്‍ പ്രദേശത്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
നെന്മാറയില്‍ നിന്ന് ഏകദേശം പത്ത് കിലോമീറ്ററോളം വാഹനത്തിനും തുടര്‍ന്ന് ഏകദേശം 20 കിലോമീറ്ററോളം  കാല്‍നടയായും  നടന്നാണ് പ്രദേശത്ത് എത്തിയത്. പ്രദേശത്ത് ഭക്ഷണസാധനങ്ങള്‍ സുലഭമാണെന്നും പട്ടിണി ഇല്ലായെന്നും പ്രദേശവാസികള്‍ പ്രതികരിച്ചതായി തഹസില്‍ദാര്‍ അറിയിച്ചിരുന്നു.  20 കിലോ ഭക്ഷ്യധാന്യങ്ങളടങ്ങിയ 16 ബാഗുമായി ബെമല്‍ നല്‍കിയ എയര്‍ഫോഴ്‌സിന്റെ് ഹെലികോപ്റ്ററും പ്രദേശത്തെ പ്രമേഹരോഗികളും വൃദ്ധജനങ്ങളും ഗര്‍ഭിണികളും അടങ്ങിയവരെ പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ പോയ  രണ്ട് എയര്‍ഫോഴ്‌സ് ഹെലികോപ്റ്ററുകളും മെഡിക്കല്‍ സംഘം ഉള്‍പ്പെട്ട സ്വകാര്യ ആശുപത്രിയുടെ ഹെലികോപ്റ്ററും  മോശം കാലാവസ്ഥയും കാഴ്ച്ച വ്യക്തമല്ലാത്തതിനാലും ലക്ഷ്യം നിര്‍വഹിക്കാനാകാതെ തിരിച്ചെത്തുകയായിരുന്നു.
    നിലവില്‍ പ്രദേശത്ത് നിലനില്‍ക്കുന്ന മൊബൈല്‍-വൈദ്യുതി പ്രശ്‌നം പരിഹരിക്കാനുളള ശ്രമം തുടരുകയാണ്. ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവറിന്റെ പ്രശ്‌നവും പരിഹരിക്കാന്‍ ശ്രമിച്ചു വരികയാണ്. ഇതിനായി 70 ലിറ്റര്‍ ഡീസല്‍ ഹെലികോപ്റ്റര്‍ വഴി കഴിഞ്ഞദിവസം എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് അതും സാധ്യമായില്ല. നെല്ലിയാമ്പതി ചെക്ക് പോസ്റ്റിന് ശേഷമുളള എഴു കിലോമീറ്റര്‍ റോഡ് മണ്ണും പാറകളും മരങ്ങളും അടര്‍ന്ന് വീണതിനെ തുടര്‍ന്നാണ്  നെന്മാറ-പോത്തുണ്ടി-നെല്ലിയാമ്പതി റോഡ് ബന്ധം വിഛേദിക്കപ്പെട്ടത്. നിലവില്‍ റവന്യൂ, പൊലീസ്, പി.ഡബ്ള്‍.യൂ.ഡി, ഫയര്‍ഫോഴ്‌സ് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ എത്രയും പെട്ടെന്ന് ഗതാഗതം പുനസ്ഥാപിക്കാനുളള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. പാറകള്‍ പൊട്ടിച്ചും കടപുഴകിയ മരങ്ങള്‍ അറുത്തുമാറ്റിയുമാണ് ഗതാഗതതടസ്സം മാറ്റിക്കൊണ്ടിരിക്കുന്നത്.