ഒന്നിച്ചു പാടിയ ‘നാടന്‍ പാട്ടുകളും ‘ ‘അകം’ നിറച്ച സംഗീത നിശയുമായി ഏഴു ദിന ആഘോഷ പരിപാടികള്‍ക്ക് ആരവം നിറഞ്ഞ പരിസമാപ്തി. ഷൈലജ പി. അമ്പുവും സംഘവും നാടന്‍ പാട്ടുകളുമായി നിശാഗന്ധിയെ ഇളക്കി മറിച്ചപ്പോള്‍ ആഘോഷിച്ച് തീരാത്ത ഒരോണക്കാലത്തിന്റെ ആവേശമായിരുന്നു ഓരോ കാണികളിലും. സദസിനിടയിലിറങ്ങി ചുവടു വയ്ച്ച കലാകാരന്മാര്‍ക്കൊപ്പം കാണികളും തകര്‍ത്താടി. ഹരീഷ് ശിവരാമകൃഷ്ണനും സംഘവും സംഗീത പെരുമഴയൊരുക്കിയത്തോടെ നിശാഗന്ധി നിറഞ്ഞൊഴുകി. പ്രിയ ഗായകന്റെ ഈണങ്ങള്‍ മലയാളി മനസിനെ പൂര്‍ണമാക്കി.

ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിച്ച് ഒരുമയുടെ ഓണത്തിന് യാത്രാമൊഴി ചൊല്ലുമ്പോള്‍ നിശാഗന്ധിയിലെ കലാ സന്ധ്യകള്‍ എത്ര പ്രിയപ്പെട്ടതായിരുന്നെന്ന് ഓരോ മുഖവും സാക്ഷ്യപ്പെടുത്തുന്നു. ഏഴായിരത്തിലധികം കലാകാരന്മാര്‍ ജില്ലയിലെ 32 വേദികളിലായി അരങ്ങുണര്‍ത്താനെത്തിയപ്പോള്‍ കലാപ്രേമികള്‍ക്കായി ഒരുങ്ങിയത് കാഴ്ചകളുടെ വസന്തമായിരുന്നു.

കാക്കാരശ്ശി നാടകം, പെണ്‍പാവക്കൂത്ത്, വഞ്ചിപ്പാട്ട്, പടയണി, പൂപ്പട, ഓട്ടന്‍തുള്ളല്‍, അര്‍ജ്ജുനനൃത്തം, കണ്യാര്‍കളി, പൂരക്കളി, ചവിട്ടുനാടകം, ദഫ്മുട്ട്, കോല്‍ക്കളി, സര്‍പ്പം പാട്ട് തുടങ്ങി നാടന്‍ – അനുഷ്ടാന കലകളും നൃത്തം, നാടകം, കഥാപ്രസംഗം, കഥകളി, ഗസല്‍, വായ്പ്പാട്ട്, അക്ഷര ശ്ലോകം, കൂത്ത്, കൂടിയാട്ടം, മെഗാഷോ, ഗാനമേള, മാജിക് തുടങ്ങിയ നൂറിലധിയകം കലാരൂപങ്ങളും ജില്ലാ ആസ്ഥാനങ്ങളിലും ടൂറിസം കേന്ദങ്ങളിലും വിവിധ വേദികളിലായി അരങ്ങേറി. സാംസ്‌കാരിക സന്ധ്യകള്‍, കവിയരങ്ങുകള്‍, കഥാവിഷ്‌കാരങ്ങള്‍ എന്നിവയും ഇത്തവണ ഓണാഘോഷത്തിന് മാറ്റുകൂട്ടി.

ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍ , നവ്യാ നായര്‍, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, തുടങ്ങിയ സിനിമാ താരങ്ങളും വിവിധ വേദികളിലായി നടക്കുന്ന സംഗീത-ദൃശ്യ വിരുന്നുകളുടെ ഭാഗമായി. കളരിപ്പയറ്റ് ഉള്‍പ്പടെയുള്ള ആയോധന കലാപ്രകടനങ്ങളും ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായി.

കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളം, പിന്നണി ഗായകരായ വിജയ് യേശുദാസ്, സിതാര, റിമിടോമി, രാജലക്ഷ്മി, ജാസി ഗിഫ്റ്റ് തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളകള്‍, രമേഷ് നാരായണന്റെ സിംഫണി ഫ്യൂഷന്‍ എന്നിവയും തലസ്ഥാനത്തെ വേദികളെ സമ്പന്നമാക്കി. നവ്യാ നായര്‍, പാരീസ് ലക്ഷ്മി എന്നിവരുടെ നൃത്തങ്ങള്‍ക്കും തലസ്ഥാനം സാക്ഷ്യം വഹിച്ചു. തൈക്കൂടം ബ്രിഡ്ജ് , ചുമടുതാങ്ങി, അകം ബാന്‍ഡ് എന്നിവരുടെ ഫ്യൂഷന്‍ സംഗീത സന്ധ്യകളും വേദികളെ ഇളക്കി മറിച്ചു.