വാഴാനി ഡാം കേന്ദ്രീകരിച്ച് അത്തംനാൾ മുതൽ നടന്നുവന്ന വാഴാനി ഓണം ഫെസ്റ്റ് കൊടിയിറങ്ങി. സമാപന സമ്മേളനം വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി നഫീസ ഉദ്ഘാടനം ചെയ്തു.

തെക്കുംകര ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെയും (ഡി ടി പി സി) സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. സെപ്തംബർ 9ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനാണ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്.

ഓഗസ്റ്റ് 30ന് വിരുപ്പാക്ക കമ്പനിപ്പടി മുതൽ വാഴാനി വരെ നടത്തിയ ഘോഷയാത്രയോടെയാണ് ഫെസ്റ്റിന് തുടക്കമായത്. ദീപാലങ്കാരം, ഫുട്ബോൾ പെനാൽട്ടി ഷൂട്ടൗട്ട്, കുട്ടികളുടെ കായിക മത്സരങ്ങൾ, തിരുവാതിരക്കളി, കുട്ടികളുടെ കലാമത്സരങ്ങൾ, പൂക്കളമത്സരം, മെഗാ തിരുവാതിര, പ്രത്യേക കലാപരിപാടികൾ, നാടൻപാട്ട്, സൃഷ്ടി വടക്കാഞ്ചേരി നയിച്ച സംഗീത നിലാവ്, തദ്ദേശീയരുടെ കലാപരിപാടികൾ, നാടൻപാട്ട് എന്നിവ വിവിധ ദിവസങ്ങളിലായി നടന്നു. വിവിധ പ്രായത്തിലുള്ള 500ഓളം വനിതകൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി.

സമാപന സമ്മേളനത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി വി സുനിൽകുമാർ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ, വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേർസൺ എം കെ ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു കൃഷ്ണൻ, വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, എന്നിവർ പങ്കെടുത്തു.