സബ് ട്രഷറി പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

കേരളത്തിലെ ട്രഷറികള്‍ നവീകരണത്തിന്റെ പാതയിലെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പേരാമ്പ്രയില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ധനകാര്യമേഖലയില്‍ സര്‍ക്കാരിന്റെ ജീവനാഡിയായിട്ടുള്ള സ്ഥാപനമാണ് ട്രഷറി. ട്രഷറികളുടെ സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാനസൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.51 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഇരുനില ട്രഷറി കെട്ടിടം നിര്‍മ്മിച്ചത്. പെന്‍ഷന്‍കാര്‍ക്കുള്ള ഇരിപ്പിടം, അംഗ പരിമിതര്‍ക്കുള്ള റാമ്പ്, ശുചിമുറികള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള ഫീഡിങ് റൂം, മഴവെള്ള സംഭരണി, ഓഡിറ്റോറിയം തുടങ്ങിയവ പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.

പേരാമ്പ്ര, നൊച്ചാട്, കൂത്താളി, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, വേളം, അരിക്കുളം, നടുവണ്ണൂര്‍ പഞ്ചായത്തുകളാണ് പേരാമ്പ്ര സബ് ട്രഷറിക്ക് കീഴില്‍ വരുന്നത്. ദിനം പ്രതി നിരവധി പേരെത്തുന്ന ട്രഷറി ഓഫീസാണ് പേരാമ്പ്രയിലേത്. പഴയ കെട്ടിടം മാറ്റി പുതിയ സബ് ട്രഷറി വേണമെന്ന ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍, മറ്റ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ സലില്‍ എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറി വകുപ്പ് ഡയറക്ടര്‍ വി. സാജന്‍ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസര്‍ ഷാജി എം നന്ദിയും പറഞ്ഞു.