മന്ത്രി പി. എ. മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്യും

കാലാവസ്ഥയെ പ്രതിരോധിക്കുന്ന രൂപകൽപ്പനകളും പ്രകൃതി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾക്കായുള്ള നിർമാണ രീതികളും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് ഇന്ന് (വെള്ളിയാഴ്ച) തുടക്കമാകും. കെ എച്ച് ആർ ഐ നേതൃത്വത്തിൽ പാലക്കാട് ഐ ഐ ടി യുടെ സഹായത്തോടെ നടത്തുന്ന സെമിനാർ രാവിലെ 10 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ  മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലാണ് സെമിനാർ.

 നിലവിൽ പൊതുമരാമത്ത് രംഗം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സെമിനാർ ചർച്ച ചെയ്യും. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും. കാലാവസ്ഥയെ പ്രതിരോധിക്കുന്ന  നിർമ്മാണ രീതികളെ കുറിച്ച് വിവിധ മേഖലകളിലുള്ള സംവാദവും നടക്കും.

ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ ഗവേഷണ കണ്ടെത്തലുകൾ  സെമിനാറിൽ അവതരിപ്പിക്കും. സിവിൽ എഞ്ചിനീയറിംഗിന്റെ വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള അക്കാദമിക, വ്യവസായ മേഖലകളിൽ നിന്നുള്ള പ്രമുഖർ  പ്രഭാഷണം നടത്തും. കെഎച്ച്ആർഐ സുവർണ ജൂബിലിയുടെ ഭാഗമായുള്ള സുവനീർ പ്രകാശനം, വെബ്സൈറ്റ് ലോഞ്ചിങ് എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.