*ഒക്ടോബർ രണ്ടു മുതൽ ബഹുമുഖ കർമ്മ പദ്ധതിക്കു തുടക്കം

*കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കും

*ട്രെയിനുകൾ വഴിയുള്ള കടത്തു തടയാൻ സ്‌നിഫർ ഡോഗ് സ്‌ക്വാഡ്

*യോദ്ധ‘ പദ്ധതി  സംസ്ഥാന വ്യാപകമായി നടപ്പാക്കും

മയക്കുമരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യം ആഗോള തലത്തിൽ തന്നെ നിലവിലുണ്ടെന്നും അതിനെതിരെ നാടാകെ അണിചേർന്നു പ്രതിരോധം തീർക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ  വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ലഹരി മരുന്നുകളുടെ  ഉപഭോഗം വ്യക്തികളെ മാത്രമല്ല,കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെയും സാരമായി ബാധിക്കുന്നു. അതിനെ പിൻപറ്റി നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ നാടിന്റെ സമാധാനാന്തരീക്ഷത്തെ തകർക്കുകയും യുവജനങ്ങളെ തെറ്റായ മാർഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ അമിത  മദ്യപാനവും കഞ്ചാവ് പോലുള്ള ലഹരി പദാർത്ഥങ്ങളുമാണ് ഭീഷണി ഉയർത്തിയിരുന്നതെങ്കിൽ ഇന്ന് കൂടുതൽ മാരകമായ മയക്കു മരുന്നുകൾ വ്യാപകമാകുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു.

മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തവും പഴുതുകൾ ഇല്ലാത്തതുമായ പ്രതിരോധമാർഗം തീർക്കുന്നതിനായി  ബഹുമുഖ കർമ്മ പദ്ധതി ഒക്ടോബർ രണ്ടിന്,ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കും. ഓരോ വ്യക്തിയും ഓരോ കുടുംബവും അതിൽ പങ്കു ചേരണം. സംഘടനകളും സാമൂഹ്യകൂട്ടായ്മകളും ഭേദചിന്തയില്ലാതെ ദൃഢനിശ്ചയത്തോടെ ഊർജ്ജസ്വലമായ പ്രതിരോധമുയർത്തുന്നതിനും ക്യാംപെയിനിൽ അണിചേരുന്നതിനും എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ,വിദ്യാലയതലങ്ങളിലും  ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതികൾ പ്രവർത്തിക്കും.  മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായാണ് മറ്റുമന്ത്രിമാരെയും ഉൾപ്പെടുത്തി സംസ്ഥാനതല സമിതി രൂപീകരിച്ചിരിക്കുന്നത്.

ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികളിൽ യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ,ക്ലബ്ബുകൾ, റസിഡൻറ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ  സാംസ്‌കാരിക സംഘടനകൾ,രാഷ്ട്രീയ പാർട്ടികൾ, സിനിമ,സീരിയൽ, സ്‌പോർട്‌സ് മേഖലയിലെ പ്രമുഖർ തുടങ്ങിയവർ  ക്യാമ്പയിനു പിന്തുണ നൽകും. നവംബർ ഒന്നിനു സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ബസ് സ്റ്റാന്റ്,റെയിൽവേസ്റ്റേഷൻ, ലൈബ്രറി,ക്ലബ്ബുകൾ  എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കുകയും ചെയ്യും

ലഹരിക്കെതിരായ  ഹ്രസ്വ സിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി  വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ചയും അതോടനുബന്ധിച്ചു സംഘടിപ്പിക്കും. വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  റോൾപ്ലേ, സ്‌കിറ്റ്, കവിതാലാപനം,കഥാവായന, പ്രസംഗം, പോസ്റ്റർ രചന, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും. എൻ.സി.സി, എസ്.പി.സി,എൻ.എസ്.എസ്, സ്‌കൗട്ട് ആൻറ് ഗൈഡ്‌സ്, ജെ.ആർ.സി, വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ  ക്യാമ്പയിനിൽ ഫലപ്രദമായി പ്രയോജനപ്പെടുത്തും. ശ്രദ്ധ,നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ, സാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി പരിശീലനം വിഭാവനം ചെയ്യും. വിമുക്തി മിഷനും എസ്.സി.ഇ.ആർ.ടിയും ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകൾ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കൂ.

വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നില്ല എന്ന ബോർഡ് പ്രദർശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ്/ എക്‌സൈസ്  ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ,മേൽവിലാസം എന്നിവ ബോർഡിൽ ഉണ്ടാകണം. എല്ലാ എക്‌സൈസ് ഓഫീസിലും ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കാൻ കൺട്രോൾ റൂം ആരംഭിക്കും. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. സിന്തറ്റിക്  രാസലഹരി വസ്തുക്കൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എത്തിച്ചേരുന്നത്  തടയുന്നതിന്  അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും മാറ്റങ്ങൾ വരുത്തും.  എൻ ഡി പി എസ് നിയമത്തിലെ31, 31എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പു വരുത്താൻ മുൻകാല കുറ്റകൃത്യങ്ങൾ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുക,കാപ്പ രജിസ്റ്റർ  മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുക,  ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയവ  നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. അവ ശക്തമായി നടപ്പാക്കും. വരും ദിവസങ്ങളിൽ  ഇതിനായുള്ള സ്‌പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കും.  എൻഡിപിഎസ് നിയമത്തിൽ 34-ാം വകുപ്പ് പ്രകാരം കുറ്റകൃത്യം ആവർത്തിക്കുകയില്ല എന്ന ബോണ്ട് വയ്പ്പിക്കും. മയക്കുമരുന്ന് കടത്തിൽ പതിവായി ഉൾപ്പെടുന്നവരെ പിഐടി എൻഡിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കും. ട്രെയിനുകൾ വഴിയുള്ള കടത്തു തടയാൻ സ്‌നിഫർ ഡോഗ്ഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കും.

സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിച്ച് ഇവ വിതരണം നടത്തുന്നത് കർശനമായി  തടയും.  മയക്കു മരുന്ന് കടന്നു വരാനിടയുള്ള എല്ലാ  അതിർത്തികളിലും  പരിശോധന കർക്കശമാക്കും. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി  നേർവഴിയിലേക്ക് കൊണ്ടുവരുന്നതിനായി  പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ  ‘യോദ്ധ’എന്ന പദ്ധതി  സംസ്ഥാന വ്യാപകമായി നടപ്പാക്കും.